കോൺഗ്രസുമായോ പ്രാദേശികകക്ഷികളുമായോ ചേർന്ന്​ ബദലിന്​ കഴിയില്ല ^പീപ്ൾസ്​ ഡെമോക്രസി

കോൺഗ്രസുമായോ പ്രാദേശികകക്ഷികളുമായോ ചേർന്ന് ബദലിന് കഴിയില്ല -പീപ്ൾസ് ഡെമോക്രസി ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യത്തിലൂടെയോ പ്രാദേശിക കക്ഷികളുമായി ചേർന്നോ ബി.ജെ.പിക്ക് എതിരെ അഖിലേന്ത്യതലത്തിൽ വിശ്വസനീയമായ ബദൽ സ്ഥാപിക്കാൻ കഴിയില്ലെന്ന് സി.പി.എം മുഖപത്രമായ പീപ്ൾസ് ഡെമോക്രസി. ബംഗാളിൽ ഒഴിവ് വന്ന രാജ്യസഭസീറ്റുകളിൽ ഒന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കാനുള്ള ബംഗാൾഘടകത്തി​െൻറ ആവശ്യത്തെ ചൂടേറിയ ചർച്ചകൾെക്കാടുവിൽ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് നേതൃത്വത്തി​െൻറ നിലപാട് വ്യക്തമാക്കി എഡിറ്റോറിയൽ. കോൺഗ്രസിനോടുള്ള പാർട്ടി നിലപാടിൽ ഒരു മാറ്റവും വേണ്ടെന്ന് വാദിക്കുന്ന സി.പി.എം നേതൃത്വത്തിലെ ശക്തമായ വിഭാഗത്തിലെ പ്രകാശ് കാരാട്ടാണ് പീപ്ൾസ് ഡെമോക്രസിയുടെ എഡിറ്റർ. ഇൗ വിഭാഗത്തിന് പിന്തുണ നൽകുന്ന കേരളഘടകത്തി​െൻറ മുഖപത്രമായ 'ദേശാഭിമാനി'യിൽ കാരാട്ടി​െൻറ പേരിൽ ലേഖനമായി മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. 'വിശ്വസനീയമായ ബദലിനായി െഎക്യപോരാട്ടം കെട്ടിപ്പടുക്കണം'എന്ന തലക്കെട്ടിൽ ആഗസ്റ്റ് രണ്ടിലെ പീപ്ൾസ് ഡെമോക്രസിയിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇത് പുറത്തിറങ്ങിയത് ശനിയാഴ്ച മാത്രമാണ്. അതിനുമുമ്പുതന്നെ വ്യാഴാഴ്ചത്തെ ദേശാഭിമാനിയിൽ 'നിതീഷി​െൻറ വഞ്ചനയും ദേശീയബദലി​െൻറ ഭാവിയും' എന്ന പേരിൽ ലേഖനമായി വന്നു. വ്യാഴവും വെള്ളിയുമാണ് സി.പി.എം സംസ്ഥാനസമിതി കേരളത്തിൽ ചേർന്നത്. ഇതിൽ യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനവും ഉയർത്തി. ബി.ജെ.പിവിരുദ്ധസഖ്യത്തി​െൻറ പ്രയോക്താവായി ഉയർത്തിക്കാട്ടിയ നിതീഷ് കുമാർ ബിഹാറിൽ മഹാസഖ്യം ഉേപക്ഷിച്ച് കരണംമറിഞ്ഞത് ഉയർത്തിയാണ് എഡിറ്റോറിയൽ കോൺഗ്രസ്, പ്രാദേശികകക്ഷി സഖ്യസാധ്യതകളെ തള്ളുന്നത്. 'മഹാസഖ്യത്തി​െൻറ' ശില്‍പിതന്നെ കൂറുമാറി ബി.ജെ.പി ക്യാമ്പിലേക്ക് പോയതും മഹാസഖ്യം രൂപത്കരിക്കാനുള്ള പദ്ധതിയുടെ തകര്‍ച്ചയും സി.പി.എമ്മിനെ ഒട്ടും അദ്ഭുതപ്പെടുത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം പ്രാദേശിക കക്ഷികളുമായി അടുത്ത് പ്രവർത്തിച്ച അനുഭവത്തിൽ ഇവർ പ്രധാന ഘടകകക്ഷികളായുള്ള ദേശീയതലസഖ്യം അപ്രായോഗികമാണെന്ന് 21ാം പാർട്ടി കോൺഗ്രസ് വിലയിരുത്തി. 'അവസരംപോലെ സ്വന്തം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുമാത്രം മുന്‍ഗണന നല്‍കി അവര്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഖ്യം സ്ഥാപിക്കുകയും ചെയ്തു. ഒന്നോ രണ്ടോ ഒഴിച്ച് ബാക്കിയെല്ലാ പ്രാദേശികകക്ഷികളും ബി.ജെ.പിയുമായി അവസരവാദപരമായ സഖ്യം സ്ഥാപിക്കാന്‍ തയാറായി. നിതീഷ് കുമാറി​െൻറ കൂടുമാറ്റവും ഈ വസ്തുതക്കാണ് അടിവരയിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സി.പി.എം പ്രാദേശികകക്ഷികളുമായി വിഷയങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം അതും സംസ്ഥാനതലത്തില്‍ സംയുക്തപ്രക്ഷോഭത്തിനും ഐക്യവേദിക്കും തയാറാകുന്നത്.' ഇന്നത്തെ രാഷ്ട്രീയസ്ഥിതിഗതിയില്‍ ബി.ജെ.പിക്കും മോദി സര്‍ക്കാറിനുമെതിരെ പൊരുതുക എന്നതാണ് സി.പി.എമ്മി​െൻറ മുഖ്യ കടമ. കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചുകൊണ്ട് ഇത് ചെയ്യാനാകില്ല. കാരണം, ജനങ്ങള്‍ക്ക് ദോഷകരമായ നവ ഉദാരീകരണനയങ്ങള്‍ക്ക് പ്രധാന കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇപ്പോഴും ആ നയങ്ങള്‍ക്കുവേണ്ടി വാദിക്കുകയാണ്. കോണ്‍ഗ്രസിന് ഒരു ബദല്‍ എന്ന നിലയിലാണ് ബി.ജെ.പി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എല്ലാ മതനിരപേക്ഷപാർട്ടികളുടെയും അവസരവാദ കൂട്ടുകെട്ടല്ല ഇന്ന് ആവശ്യം. തൊഴിലാളിവര്‍ഗത്തി​െൻറയും കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള വിശാല ഐക്യവേദിയാണ് കെട്ടിപ്പടുക്കേണ്ടത് -മുഖപ്രസംഗത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.