ചെറുമത്സ്യങ്ങളെ പിടിക്കൽ: കർശനനടപടി സ്വീകരിക്കും

ബേപ്പൂർ: ട്രോളിങ് നിരോധനം അവസാനിച്ച് ബോട്ടുകൾ മത്സ്യബന്ധനത്തിലേർെപ്പട്ടതോടുകൂടി ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മ​െൻറും അറിയിച്ചു. തുടക്കത്തിൽ തന്നെ നടപടി സ്വീകരിക്കുന്നതിന് പകരം ആദ്യം ഫിഷിങ് ഹാർബറുകളിലും ഫിഷ് ലാൻഡിങ് സ​െൻററുകളും കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. അതിനുശേഷം കർശനനടപടിയിലേക്ക് നീങ്ങാനാണ് പരിപാടി. ചെറുമത്സ്യങ്ങളെ പിടിച്ച് വളം ഉണ്ടാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത് ഏതാനും വർഷങ്ങളായി കേരളതീരങ്ങളിൽ സജീവമാണ്. മത്സ്യസമ്പത്ത് വൻതോതിൽ നശിക്കാനിടവരുത്തുന്ന ഇത്തരം മീൻപിടിത്തം സർക്കാർ നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 14 ഇനം ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനായിരുന്നു ആദ്യഘട്ടത്തിൽ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ഈയിടെയായി കേന്ദ്രസർക്കാർ 48 ഇനങ്ങൾകൂടി ഉൾപ്പെടുത്തി. നിരോധനം നിലനിൽക്കുമ്പോൾതന്നെ സംസ്ഥാനത്തെ തീരങ്ങളിൽ അനധികൃത മീൻപിടിത്തം നടക്കാറുണ്ടായിരുന്നു. ഇടക്കിടെ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ചെറുമത്സ്യങ്ങളെ പിടിക്കുന്ന ബോട്ടുകളെ കണ്ടെത്തി പിഴചുമത്താറുണ്ട്. ഇനിമുതൽ ഇത്തരം ബോട്ടുകളെ കണ്ടെത്താൻ മുമ്പത്തേതിലും ശക്തമായ രീതിയിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മ​െൻറും കടലിൽ തിരച്ചിൽ നടത്താനാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.