മാവൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനുമെതിരെ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ നിലവിലെ കക്ഷിനിലക്ക് മാറ്റമുണ്ടാകുന്നവിധത്തിൽ പ്രമേയത്തെ അനുകൂലിച്ച് വോട്ട് കിട്ടാത്തതിനെ തുടർന്നാണ് അവിശ്വാസം പരാജയപ്പെട്ടത്. 18 അംഗ ഭരണസമിതിയിൽ ഇരു മുന്നണികൾക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. ഇരു മുന്നണിക്കും തുല്യ സീറ്റ് ആയതിനാൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരം നേടിയത്. വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒമ്പതുവീതം വോട്ടുതന്നെയാണ് കിട്ടിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുസ്ലിം ലീഗിലെ സി. മുനീറത്തിനും വൈസ് പ്രസിഡൻറ് കോൺഗ്രസിലെ വളപ്പിൽ റസാഖിനുമെതിരെയാണ് എൽ.ഡി.എഫിലെ ഒമ്പത് അംഗങ്ങളും ഒപ്പിട്ട അവിശ്വാസ നോട്ടിസ് നൽകിയത്. വൻതുക വായ്പയെടുത്ത് കമ്യൂണിറ്റിഹാൾ കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ച് ജനങ്ങളെ കടക്കെണിയിലാക്കി, പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് ബിർള മാനേജ്മെൻറിെൻറ ഉടമസ്ഥതയിലുള്ള ഗ്രാസിം ഭൂമിക്ക് സുരക്ഷമതിൽ നിർമിക്കാൻ തീരുമാനിച്ചു, അകാരണമായി കാസ്റ്റിങ് വോട്ട് ഉപയോഗിച്ചു, ഭരണം അഴിമതി നിറഞ്ഞതായി തുടങ്ങിയ വിഷയങ്ങളാണ് അവിശ്വാസത്തിന് ഉന്നയിച്ച ആക്ഷേപങ്ങൾ. രാവിലെ പ്രസിഡൻറിനെതിരെയും ഉച്ചക്കുശേഷം വൈസ് പ്രസിഡൻറിനെതിരെയുമുള്ള അവിശ്വാസ പ്രമേയങ്ങൾ ചർച്ചചെയ്ത് വോട്ടിനിട്ടു. ബി.ഡി.ഒ ഇൻ ചാർജ് കെ.പി. ഹംസയുടെ സാന്നിധ്യത്തിലാണ് പ്രമേയ ചർച്ചയും വോട്ടെടുപ്പും നടന്നത്. 10ാം വാർഡ് യു.ഡി.എഫ് അംഗം ജയശ്രീ ദിവ്യപ്രകാശ് ഏപ്രിൽ അഞ്ചിന് ഒരു മാസത്തെ സന്ദർശത്തിനു വിദേശത്ത് പോയിരുന്നു. ഇതിനു തൊട്ടടുത്തദിവസം അവിശ്വാസത്തിന് നോട്ടീസ് നൽകിയത് കഴിഞ്ഞദിവസങ്ങളിൽ മാവൂരിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചക്ക് കാരണമായിരുന്നു. വോെട്ടടുപ്പിന് നോട്ടീസ് കിട്ടിയ സാഹചര്യത്തിൽ ഇവർ സന്ദർശനം വെട്ടിച്ചുരുക്കി കഴിഞ്ഞദിവസം അടിയന്തരമായി നാട്ടിലെത്തിയിരുന്നു. അവിശ്വാസ പ്രമേയം ചർച്ചക്കെടുത്ത ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പരിസരത്ത് ശക്തമായ പൊലീസ് സാന്നിധ്യം ഒരുക്കിയിരുന്നു. മെഡിക്കൽ കോളജ് സി.ഐ മൂസ വള്ളിക്കാടൻ, എസ്.ഐ എ. ഹബീബുല്ല, മാവൂർ അഡീഷനൽ എസ്.ഐ സി. പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് ക്യാമ്പ് ചെയ്തത്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും പഞ്ചായത്ത് അംഗങ്ങളെയും ആനയിച്ച് മാവൂരിൽ പ്രകടനം നടത്തി. തുടർന്ന് മാവൂരിൽ നടന്ന പൊതുയോഗത്തിൽ ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.