ബ​​ഷീ​​ർ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ​​ക്ക് ജീ​​വ​​ൻ പ​​ക​​ർ​​ന്ന് ഇ​​മ്മി​​ണി ബ​​ല്യ കാ​​വ്യ​​നാ​​ട​​കം

നടുവണ്ണൂർ: അവധിക്കാലത്ത് ബഷീർ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് ഇമ്മിണി ബല്യ നാടകത്തെ നെഞ്ചേറ്റുകയാണ് ഒരു പ്രദേശത്തെ കുട്ടികളും രക്ഷിതാക്കളും. നടുവണ്ണൂർ പൊന്നിയത്ത് പ്രദേശത്തെ നന്മ സ്വയംസഹായ സംഘത്തിെൻറ ദശവാർഷികാഘോഷ സമാപനത്തിൽ അവതരിപ്പിക്കുന്ന കാവ്യനാടകത്തിെൻറ പരിശീലനത്തിനാണ് പ്രദേശവാസികൾ ഒന്നടങ്കം പങ്കെടുക്കുന്നത്. ‘ഇമ്മിണി... ഇമ്മിണി... ബല്യൊന്ന്’ എന്ന് പേരിട്ടിരിക്കുന്ന കാവ്യനാടകത്തിൽ മലയാളത്തിെൻറ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിെൻറ കഥകളാണ് പ്രമേയം. പാത്തുമ്മയുടെ ആടിൽ തുടങ്ങി ബാല്യകാല സഖിയിൽ അവസാനിക്കുന്ന നാടകത്തിൽ ബഷീറിെൻറ പ്രശസ്തമായ കഥകളിലെ നിർണായക മുഹൂർത്തങ്ങളാണ് അരങ്ങിലെത്തുന്നത്. 72 വയസ്സുകാരനായ പുതിയേടത്ത് ഗോപാലനാണ് എട്ടുകാലി മമ്മൂഞ്ഞിെൻറ വേഷം അവതരിപ്പിക്കുന്നത്. ബഷീറായി ടി.സി. സുരേന്ദ്രൻ മാഷും ബാല്യകാല സഖിയിലെ മജീദിെൻറ ഉമ്മയായി 55 വയസ്സുള്ള മനത്താനത്ത് സരോജിനിയും വേഷമിടുന്നു. നാല് വയസ്സുകാരനായ ഭഗവതിക്കണ്ടി അനന്ദുരാജും നാടകത്തിൽ അഭിനയിക്കുന്നു. ഇങ്ങനെ ബഷീറിെൻറ വ്യത്യസ്ത കഥാപാത്രങ്ങളായി നൂറോളം പ്രാദേശിക കലാകാരന്മാരാണ് അരങ്ങിലെത്തുന്നത്. നാടകത്തിൽ മുമ്പ് ഒരു പരിചയം പോലുമില്ലാത്ത പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെ തനി ഗ്രാമീണരാണ് അഭിനയിക്കുന്നത്. വൈകീട്ട് മൂന്നുമുതൽ രാത്രി പത്തുവരെ ടി.സി. സുരേന്ദ്രൻ മാഷിെൻറ വീട്ടുമുറ്റത്താണ് പരിശീലനം. 20 ദിവസത്തോളമായി പരിശീലനം തുടങ്ങിയിട്ട്. ഒരേസമയം മൂന്ന് സ്റ്റേജുകളിലായാണ് നാടകം അരങ്ങേറുക എന്ന പ്രത്യേകതയുമുണ്ട്. കെ.പി.എ.സി. വിൽസൺ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ഷനിത്ത് മാധവികയാണ് സംവിധാനം. കാവ്യനാടകത്തിെൻറ പരിശീലനം കാണാനും ആളുകളുടെ തിരക്കാണ്. അവധിക്കാലം നാടകത്തിൽ പാടിയും അഭിനയിച്ചുതീർത്തും ആഘോഷമാക്കുകയാണ് എൽ.പി തലം മുതൽ പ്ലസ് ടു വരെയുള്ള ഈ പ്രദേശത്തെ കുട്ടികൾ. ദശവാർഷികാഘോഷത്തിെൻറ ഭാഗമായി ശുചീകരണം, രക്തദാന ക്യാമ്പ്, തൊഴിൽ പരിശീലനം, കാരണവർ കൂട്ടം, ബോധവത്കരണ ക്യാമ്പ്, കുട്ടികളുടെ നാടക ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു. ചൊവ്വാഴ്ച നടക്കുന്ന സംഘം സ്നേഹോത്സവം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനവും സംഗീതശിൽപവും നാടൻപാട്ടും നടക്കും. രാത്രി ഒമ്പതിനാണ് ഇമ്മിണി... ഇമ്മിണി .... ബല്യൊന്ന് നാടകം അരങ്ങേറുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.