ന​രി​ക്കു​നി–കു​മാ​ര​സ്വാ​മി റോ​ഡ് ന​വീ​ക​ര​ണം വ​ഴി​മു​ട്ടി

നരിക്കുനി: ഒരു വർഷം മുമ്പ് ടെൻഡർ ചെയ്ത നരിക്കുനി--കുമാരസ്വാമി റോഡിെൻറ നവീകരണ പ്രവൃത്തികൾ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും വാട്ടർ അതോറിറ്റിയുടെ മെല്ലെപ്പോക്കും കാരണം വഴിമുട്ടി. റോഡ് നവീകരണം വഴിമുട്ടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗും സി.പി.എമ്മും സമരരംഗത്തിറങ്ങുകയാണ്. ലീഗ് ചൊവ്വാഴ്ച പ്രതിഷേധറാലി നടത്തും. പുല്ലാളൂരിൽനിന്ന് തുടങ്ങുന്ന റാലി നരിക്കുനിയിൽ സമാപിക്കും. സി.പി.എം നരിക്കുനി പി.ഡബ്ല്യു.ഡി സെക്ഷൻ ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. ഈമാസം 20നാണ് മാർച്ച്. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡിൽ നരിക്കുനി മുതൽ ഗേറ്റ് ബസാർ വരെ അഞ്ചു കോടി രൂപ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി ടാറിങ് നടത്തി നവീകരിക്കുന്ന പ്രവൃത്തികൾ ഒരു വർഷം മുമ്പാണ് തുടങ്ങിയത്. ആവശ്യമായ സ്ഥലങ്ങളിൽ റോഡ് വീതികൂട്ടലും ഓവുചാൽ നിർമാണവും രണ്ടിടത്ത് കൽവർട്ടും നിർമിച്ച് ടാറിങ്ങിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിനിടെയാണ് നരിക്കുനി മുതൽ തെക്കെകണ്ടി വരെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി വാട്ടർ അതോറിറ്റി കുഴികളെടുത്തത്. കുഴികൾ പൈപ്പിട്ട് മണ്ണിട്ടുമൂടിയെങ്കിലും ഈ ഭാഗം നന്നാക്കുന്ന പ്രവൃത്തികൾ അനിശ്ചിതമായി നീളുകയാണ്. വാട്ടർ അതോറിറ്റിയുടെ പരിശോധനകളും പൂർത്തിയായിട്ടില്ല. പൈപ്പിടാനായി കീറിയ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കിയശേഷമേ പ്രധാന കരാറുകാരന് ടാറിങ് തുടങ്ങാൻ കഴിയൂ. ഈ റോഡ് കടന്നുപോകുന്ന ഭാഗത്ത് നരിക്കുനി, കുരുവട്ടൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഈ റോഡിൽ നരിക്കുനി പഞ്ചായത്ത് പരിധിയിൽപെട്ട ഭാഗത്ത് പൈപ്പിട്ടിട്ടുണ്ട്. എന്നാൽ, കുരുവട്ടൂർ പഞ്ചായത്തിെൻറ പരിധിയിൽപെട്ട സ്ഥലത്ത് ഇപ്പോഴും പൈപ്പിടൽ നടക്കുകയാണ്. ഈ പണികൾ എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. മഴക്കുമുമ്പ് ടാറിങ് നടത്തിയിട്ടില്ലെങ്കിൽ യാത്ര ദുരിതമാകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ് ചളിക്കുളമായി മാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.