നാദാപുരം: കല്ലാച്ചി, നാദാപുരം ടൗണുകൾ കേന്ദ്രീകരിച്ച് കുട്ടികളെ വലവീശാൻ കഞ്ചാവ് ലോബി സജീവം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളെയാണ് ഉന്നംവെക്കുന്നത്. കുട്ടികളെ ലഹരി വസ്തുക്കളുടെ കാരിയർമാരായും വിൽപനക്കാരായും മാറ്റാനും ലക്ഷ്യമിടുന്നു. നാദാപുരത്തെയും കല്ലാച്ചിയിലെയും തിരക്കേറിയ വ്യാപാര സമുച്ചയങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളാണ് കഞ്ചാവ് വിൽപനക്കാർ താവളമാക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിന് ചെറിയ പാക്കറ്റുകളിലാക്കിയാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത്. പൊലീസിനെയോ എക്സൈസുകാരെയോ പേടിക്കേണ്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം നാദാപുരം ടൗണിൽ 15-ൽ താഴെ മാത്രം പ്രായമുള്ള രണ്ടു കുട്ടികളെ കഞ്ചാവ് പൊതിയുമായി നാട്ടുകാർ പിടികൂടിയിരുന്നു. എൻ.കെ കോംപ്ലക്സിനു പിൻവശത്തെ റോഡിൽെവച്ച് തൊഴിലാളിയായ ഒരാളാണ് ഇവർക്ക് പൊതി കൈമാറിയതത്രെ. രക്ഷിതാക്കളെ വിവരമറിയിച്ച് കുട്ടികളെ എൽപിക്കുകയായിരുന്നു. കല്ലാച്ചി ടൗണിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ കഞ്ചാവ് ഉപയോഗിച്ച് മയങ്ങിയ സ്ഥിതിയിൽ രണ്ട് വിദ്യാർഥികളെ പിടികൂടിയത് വാർഷിക പരീക്ഷക്ക് തൊട്ടുമുമ്പാണ്. സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടികൾ ക്ലാസിൽ കയറാതെയാണ് ലഹരി ലോബിയുടെ കെണിയിലേക്ക് പോയത്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ ചില കടകൾ കേന്ദ്രീകരിച്ചും ‘മരുന്ന്’ വിൽപന നടക്കുന്നതായാണ് വിവരം. മുഴു സമയവും തുറന്നിടുന്ന കാലിക്കടകൾ കേന്ദ്രീകരിച്ചാണ് ഇങ്ങനെ വിപണനം നടക്കുന്നതെന്നാണ് ആരോപണം. പൊലീസ് രഹസ്യാന്വേഷണ വിഭാഗമോ എക്സൈസ് സംഘമോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. വീടുകളിൽ ശ്രദ്ധിക്കാൻ രക്ഷിതാക്കളില്ലാത്തവരോ, കുടുംബ പ്രശ്നങ്ങൾ നിലനിൽക്കുന്ന വീടുകളിലുള്ളവരോ ആയ കുട്ടികളാണ് കഞ്ചാവ് ലോബിയുടെ കൈകളിൽ എളുപ്പം അകപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.