മ​ദ്യ​പ​ർ ഒ​ഴു​കു​ന്നു: പൊ​റു​തി​മു​ട്ടി തി​രു​വ​മ്പാ​ടി​​

തിരുവമ്പാടി: പാതയോരങ്ങളിലെ മദ്യഷാപ്പുകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി ഇരുട്ടടിയായത് തിരുവമ്പാടിയിലെ ജനങ്ങൾക്ക്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന മദ്യപരാൽ തിരുവമ്പാടി ചേപ്പിലംകോട് റോഡ് വീർപ്പുമുട്ടുകയാണ്. ചേപ്പിലംകോട് റോഡരികിലാണ് വിദേശ മദ്യഷാപ്പ് പ്രവർത്തിക്കുന്നത്. ദേശീയ, സംസ്ഥാന പാതകളിൽ പ്രവർത്തിച്ചിരുന്ന മദ്യഷാപ്പുകൾ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയതോടെയാണ് മദ്യപാനികൾ തിരുവമ്പാടിയിലേക്ക് ഒഴുകുന്നത്. അതിരാവിലെതന്നെ മദ്യം വാങ്ങാനെത്തുന്നവരാൽ നിറയുകയാണ് ഷാപ്പും പരിസരവും. താമരശ്ശേരിയിലും മുക്കത്തുമുള്ള മദ്യശാലകൾ കഴിഞ്ഞ സർക്കാർ അടച്ചുപൂട്ടിയിരുന്നു. ദേശീയ പാതയോരത്ത് പ്രവർത്തിച്ചിരുന്ന കുന്ദമംഗലത്തെ വിദേശമദ്യഷാപ്പും പൂട്ടിയതോടെ നൂറുകണക്കിന് ആളുകളാണ് തിരുവമ്പാടിയിലെത്തുന്നത്. തിരുവമ്പാടി മദ്യഷാപ്പ് പരിസരം സാമൂഹികദ്രോഹികളുടെ വിഹാരകേന്ദ്രമാണെന്ന് നേരത്തേതന്നെ പരാതിയുയർന്നിരുന്നു. അഞ്ച് കൊലപാതകങ്ങളാണ് ഷാപ്പ് പരിസരത്ത് കഴിഞ്ഞവർഷങ്ങളിൽ നടന്നത്. മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ തിരുവമ്പാടിയിൽ നടന്നിരുന്നു. ആരാധനാലയ ദൂരപരിധി ലംഘിച്ചാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. മുസ്ലിം പള്ളി, മദ്റസ, കുരിശുപള്ളി എന്നിവയിൽനിന്ന് 200 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. മദ്യം വാങ്ങാൻ എത്തുന്നവർ റോഡിൽ അനധികൃതമായി വാഹനം നിർത്തിപ്പോകുന്നത് ചേപ്പിലംകോട് റോഡ് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. റോഡിൽ വാഹനം നിർത്തിയിട്ട് പരസ്യ മദ്യപാനം നടത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഇതുവഴി കാൽനടയായി പോവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മദ്യപാനികൾ ശല്യമാണ്. സമീപത്തെ വീട്ടുകാർക്കും ദുരിതമായിട്ടുണ്ട്. വീട്ടുമുറ്റത്ത് വാഹനം കയറ്റിയിടുന്നതും വഴിയിൽ മദ്യപിച്ച് ഇരിക്കുന്നതും പതിവാണ്. തിരുവമ്പാടി - ഓമശ്ശേരി റോഡിെൻറ വശങ്ങളിലും പെട്രോൾ പമ്പ് പരിസരത്തും മദ്യം വാങ്ങാനെത്തുന്നവർ വാഹനങ്ങൾ നിർത്തിയിടുന്നു. ഇത് മറ്റ് വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രണ്ട് പൊലീസുകാരെയാണ് മദ്യഷാപ്പ് പരിസരത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി മദ്യഷാപ്പിന് നിരാക്ഷേപപത്രം നൽകിയിരുന്നില്ല. എന്നാൽ, ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായതോടെ േഷാപ്പിന് പഞ്ചായത്ത് അനുമതി നൽകിയത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.