നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി ‘പ്ളീസ് യുവര്‍ ഓണര്‍’

കോഴിക്കോട്: നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി ‘പ്ളീസ് യുവര്‍ ഓണര്‍’ തെരുവുനാടകം. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ നീതി കോടതിയില്‍പോലും നിഷേധിക്കപ്പെടുന്നതിന്‍െറ ആക്ഷേപഹാസ്യ ആവിഷ്കാരമാണ് സംവിധായകന്‍ മനോജ് കാനയും ഒരുകൂട്ടം നാടകപ്രവര്‍ത്തകരും അവതരിപ്പിച്ച തെരുവുനാടകം. കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റന്‍ഡ് പരിസരത്താണ് വ്യാഴാഴ്ച വൈകീട്ട് തെരുവുനാടകം അരങ്ങേറിയത്. ഫുട്ബാള്‍ മത്സരത്തിലൂടെയാണ് തെരുവുനാടകം ആരംഭിക്കുന്നത്. ഭൂവുടമയുടെ മക്കളും ഗ്രാമത്തിലെ പാവപ്പെട്ടവരുടെ ടീമും തമ്മിലുള്ള മത്സരത്തില്‍ ഗോള്‍ അടിക്കാന്‍പോലും അവകാശമില്ലാത്തവരായി പാവപ്പെട്ടവരുടെ ടീം മാറുകയാണ്. ഇതിനിടയില്‍ രോഹിത് വെമുല, സൗമ്യ എന്നിവര്‍ക്ക് കോടതിയില്‍ നീതി നിഷേധിക്കപ്പെടുന്നതും കലാകാരന്മാരുടെ പ്രതിഷേധമായി അവതരിപ്പിക്കുന്നു. മനോജ് കാനയോടൊപ്പം അജയ്കുമാര്‍, രമേശന്‍, ദാമു, അനീഷ്, സുകേഷ്, ജിതിന്‍, നിധിന്‍, പ്രസാദ് തുടങ്ങിയ കലാകാരന്മാര്‍ ചേര്‍ന്നാണ് 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചത്. ദലിതരും സ്ത്രീകളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ നേരെ നടക്കുന്ന പീഡനങ്ങളും അവരുടെ അതിജീവനത്തിനായുള്ള നിലവിളികളുമാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. ജുഡീഷ്യറിയും ഭരണകൂടവും ഇവരോട് സ്വീകരിക്കുന്ന പക്ഷപാതവും തുറന്നുകാണിക്കുന്നു. അമീബ, ചായില്യം എന്നീ ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനും നാടക പ്രവര്‍ത്തകനുമാണ് മനോജ് കാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.