സി.സി പെര്‍മിറ്റുകളില്‍ പിടിമുറുക്കി ബ്ളേഡ് മാഫിയ

കോഴിക്കോട്: നഗരത്തിലെ സി.സി പെര്‍മിറ്റുള്ള ഓട്ടോകളില്‍ പിടിമുറുക്കി ബ്ളേഡ് മാഫിയ. പെര്‍മിറ്റുകള്‍ കൂട്ടമായി വാങ്ങിക്കൂട്ടി പലതവണയായി മറിച്ചുനല്‍കിയാണ് ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നത്. 350 രൂപ മാത്രമുള്ള സി.സി പെര്‍മിറ്റിന് സാധാരണക്കാര്‍ മുടക്കേണ്ടത് രണ്ടര ലക്ഷത്തോളം രൂപ. പുതിയ പെര്‍മിറ്റുകള്‍ അഞ്ചുവര്‍ഷത്തേക്ക് കൈമാറരുത് എന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിലും രേഖയില്‍ മാറാതെ വണ്ടി കൈമാറ്റം ചെയ്താണ് നിയമത്തെ അട്ടിമറിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ 4333 സി.സി പെര്‍മിറ്റുള്ള ഓട്ടോകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, പെര്‍മിറ്റുള്ളവയില്‍ 2500ഓളം മാത്രമേ ഓടുന്നുള്ളൂ. പലതും ബ്ളേഡ് മാഫിയയുടെ കൈയിലാവും.പെര്‍മിറ്റിന് രണ്ടര ലക്ഷത്തോളം രൂപ വേണ്ടി വരുന്നതോടെ സാധാരണക്കാര്‍ക്ക് വാഹനവും പെര്‍മിറ്റും കിട്ടാക്കനിയായിരിക്കുകയാണ്. സി.സി പെര്‍മിറ്റുള്ള മാഫിയയില്‍നിന്ന് വണ്ടി വാടകക്ക് ഓടിയാണ് നിരവധി ഓട്ടോക്കാര്‍ കഴിയുന്നത്. ഇന്ധനമടക്കം ചെലവുകള്‍ കിഴിച്ച് പ്രതിദിനം 450 രൂപയും വണ്ടിയും വൈകിട്ടോ ആഴ്ചാവസാനമോ തിരിച്ച് നല്‍കണം. ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വലയുന്നവരും ബ്ളേഡ് മാഫിയയെ ആശ്രയിക്കുന്നു. ഇതിന്‍െറ തിരിച്ചടവ് വൈകുന്നതോടെ വണ്ടി മാഫിയയുടെ കൈയിലാവും. പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ ഓടുന്നതും അംഗീകൃത പാര്‍ക്കിങ് സ്ഥലമില്ലാത്തതും മേഖലയെ തകര്‍ക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആര്‍.ടി.ഒ ഈയിടെ നടത്തിയ കണക്കെടുപ്പില്‍ നഗരത്തില്‍ ഓടുന്ന 1500 ഓട്ടോകള്‍ക്ക് രജിസ്ട്രേഷന്‍ ഇല്ല എന്ന് കണ്ടത്തെിയിരുന്നു. കോര്‍പറേഷനാണ് പരിധിയെങ്കിലും പന്നിയങ്കര, എരഞ്ഞിപ്പാലം, വണ്ടിപ്പേട്ട എന്നീ സ്ഥലങ്ങള്‍ക്ക് അപ്പുറത്ത് ഗ്രാമപ്രദേശത്തെ പെര്‍മിറ്റുള്ള ഓട്ടോകളാണ് നിര്‍ത്തുന്നത്. ഇവിടെ ലൈനില്‍ നിര്‍ത്താനും സി.സി ഓട്ടോകള്‍ക്ക് കഴിയുന്നില്ല. അനധികൃത ഓട്ടോകള്‍ വരുന്നതോടെ സി.സി പെര്‍മിറ്റ് ഉള്ളവര്‍ക്കുപോലും ഓട്ടം ലഭിക്കാത്ത അവസ്ഥയാണ്. പെര്‍മിറ്റുള്ള പല ഓട്ടോകളും സ്കൂള്‍ കുട്ടികളെ കയറ്റാനും പച്ചക്കറി കയറ്റാനും പോകുന്നതോടെയാണ് അനധികൃത ഓട്ടോകള്‍ സ്ഥാനം കൈയടക്കുന്നത്. പുതുതായി സര്‍ക്കാര്‍ ആലോചിക്കുന്ന ആയിരം പെര്‍മിറ്റുകളും മാംഗോ ടാക്സി, ഷെയര്‍ ടാക്സി, ബൈക്ക് ടാക്സി തുടങ്ങിയ സംവിധാനങ്ങളും കൂടിയാവുന്നതോടെ ഈ മേഖല മരണാസന്നമാകുമെന്ന് ഓട്ടോക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.