നാദാപുരം വീണ്ടും പുകയുന്നു

നാദാപുരം: ചെറിയ ഇടവേളക്കുശേഷം നാദാപുരം മേഖലയില്‍ വീണ്ടും അസ്വാസ്ഥ്യം പുകയുന്നു. രണ്ട് കൊലപാതകങ്ങള്‍ക്കും കോടിക്കണക്കിനു രൂപയുടെ സ്വത്തു നാശത്തിനും ശേഷമാണ് അണിയറയില്‍ ഇരുട്ടിന്‍െറ ശക്തികള്‍ വീണ്ടും സജീവമായത്. തൂണേരിയില്‍ ഒന്നരമാസം മുമ്പ് കൊല്ലപ്പെട്ട അസ്ലമിന്‍െറ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത്ലീഗ് നടത്തിയ പ്രതിഷേധപ്രകടനം കല്ലാച്ചിയില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്. വാഹനങ്ങള്‍ക്കുനേരെ കല്ളേറും ബോംബാക്രമണവും തുടരുകയാണ്. പൊലീസിന് നേരെയും ആക്രമണം നടക്കുന്നുണ്ട്. പ്രദേശത്തു ശക്തമായ ചേരിതിരിവുണ്ടാക്കാന്‍ അണിയറയില്‍ സാമൂഹികവിരുദ്ധ സംഗം സജീവമായതായാണ് വിവരം. കല്ലാച്ചി, തെരുവന്‍പറമ്പ്, ചേലക്കാട് ഭാഗങ്ങളില്‍നിന്ന് നിരവധി ബോംബുകളാണ് പൊലീസ് പിടികൂടിയത്. ചേരിതിരിഞ്ഞ് ആക്രമണം നടത്തുന്നതിന് ശേഖരിച്ച സ്റ്റീല്‍ ബോംബുകളാണ് ഉപേക്ഷിച്ച നിലയില്‍ രണ്ടുദിവസങ്ങളിലായി പിടികൂടിയത്. മുസ്ലിം ലീഗിന്‍െറയും സി.പി.എമ്മിന്‍െറയും ബാനറുകളിലാണ് സംഘങ്ങള്‍ അഴിഞ്ഞാടുന്നതെങ്കിലും ഇരു പാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തി ആക്രമണകാരികള്‍ക്ക് മറയാകുകയാണെന്ന് പരാതിയുണ്ട്. അണികളെ നിയന്ത്രിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയുന്നില്ളെന്നതാണ് അവസ്ഥ. സംഘര്‍ഷത്തിന് അയവുവരുത്താന്‍ സമാധാനശ്രമങ്ങള്‍ വേണ്ടത്ര സജീവമായി ആരംഭിച്ചിട്ടില്ളെന്നതും നാട്ടകാരില്‍ ഭീതിയുളവാക്കുന്നു. അടിക്കടി നടക്കുന്ന അക്രമസംഭവങ്ങളില്‍ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് പ്രദേശവാസികള്‍. ഏതുസമയവും അക്രമിക്കപ്പെടുമെന്ന ഭീതിയിലാണവര്‍. നിരപരാധികളായ വാഹനയാത്രക്കാരും വഴിയാത്രക്കാരുമാണ് കഴിഞ്ഞദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടത്. ഓരോ പാര്‍ട്ടിയുടെയും ശക്തികേന്ദ്രങ്ങളില്‍ സംഘടിച്ചുകൊണ്ടാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ കൊലപാതകത്തെ തുടര്‍ന്ന് തൂണേരിയില്‍ നൂറോളം വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്കും ആക്രമണത്തിനിരയായവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും ശാശ്വത സമാധാനം നിലനിര്‍ത്താന്‍ അത് സഹായകമായില്ല. പിന്നീട് ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ ഒന്നരമാസം മുമ്പ് പട്ടാപ്പകല്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഒടുങ്ങാത്ത പകയും വിധ്വേഷവും വെച്ചുപുലര്‍ത്തുന്ന നേതൃത്വത്തിന്‍െറ വരുതിയില്‍ ഒതുങ്ങാത്ത അണികളാണ് നാദാപുരത്ത് ഇന്ന് സി.പി. എമ്മും മുസ്ലിം ലീഗും നേരിടുന്ന ഏറ്റവുംവലിയ ഭീഷണി. ഇത്തരം പ്രവര്‍ത്തകരെ കൊള്ളാനും തള്ളാനും കഴിയാതെ പാര്‍ട്ടി നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്. ഇത്തരം അണികളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടികള്‍ക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.