കവണക്കല്ല് റെഗുലേറ്റര്‍ ഷട്ടര്‍ ഡിസംബറിനകം  മാറ്റിയില്ളെങ്കില്‍ പ്രതിസന്ധി

മാവൂര്‍: ചാലിയാര്‍ പുഴക്കു കുറുകെ ഊര്‍ക്കടവിലുള്ള കവണക്കല്ല് റെഗുലേറ്ററിന്‍െറ ദ്രവിച്ച ഷട്ടര്‍ ഡിസംബറിനകം മാറ്റിയില്ളെങ്കില്‍ വേനലില്‍ തീരപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും. മണ്‍സൂണ്‍ പൂര്‍ണമായി പിന്‍വാങ്ങുന്നതോടെ ചോര്‍ച്ചയുള്ള ഷട്ടറുകള്‍ മാറ്റി മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയില്ളെങ്കില്‍ ആവശ്യത്തിന് ജലം റെഗുലേറ്ററില്‍ സംഭരിക്കാനാവില്ല.  നവംബറോടെ ഷട്ടര്‍ ഉയര്‍ത്തിയിടേണ്ട ‘ഓഫ് സീസണ്‍’ തീരും. ജലസേചനവകുപ്പ് ചൂണ്ടിക്കാട്ടുന്ന ഓഫ് സീസണില്‍തന്നെ നിലവില്‍ ദ്രവിച്ച് ചോര്‍ച്ചയുള്ള ഗേറ്റ് ഷട്ടര്‍ (ലോക്ക് ഷട്ടര്‍) മാറ്റുകയും മറ്റ് മുഴുവന്‍ ഷട്ടറുകളും അറ്റകുറ്റപ്പണി നടത്തി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കുകയും വേണം.  ഷട്ടര്‍ താഴ്ത്താന്‍ വൈകിയാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചാലിയാര്‍ തീരത്തുള്ള വിവിധ ജലസേചന-കുടിവെള്ള പദ്ധതികളുടെയടക്കം പ്രവര്‍ത്തനം താളംതെറ്റും. ഷട്ടറിന്‍െറ ചോര്‍ച്ച കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംഭരണ ജലത്തിന്‍െറ അളവില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇത്തവണ മണ്‍സൂണ്‍ മഴയിലും വലിയ കുറവുണ്ടായ സ്ഥിതിക്ക് ഒഴുകിവരുന്ന ജലത്തിന്‍െറ അളവിലും അതിനനുസരിച്ച് കുറവുണ്ടാകും. മാത്രമല്ല, ചീക്കോട് പദ്ധതിയടക്കമുള്ള പുതിയ പദ്ധതികള്‍ വന്നതോടെ ജല ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുമുണ്ട്.  റെഗുലേറ്ററിന്‍െറ ഗേറ്റ് ഷട്ടറുകളില്‍ രണ്ടും ഉപ്പുവെള്ളം കയറി ദ്രവിച്ചിട്ടുണ്ട്. മലമ്പുഴയില്‍നിന്നത്തെിയ മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണികള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. കത്തിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ വെല്‍ഡ് ചെയ്യാനും സാധിക്കില്ലായിരുന്നു. അതിനാലാണ് ഇവ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷക്കാലത്ത് പ്രവൃത്തി നടത്താനുദ്ദേശിച്ച് 2015 ജനുവരിയില്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയെങ്കിലും പല കാരണങ്ങള്‍കൊണ്ട് നീണ്ടുപോയി.  ഈ വര്‍ഷം ഗേറ്റ് ഷട്ടറുകളില്‍ ഒന്ന് പൂര്‍ണമായി മാറ്റിസ്ഥാപിക്കാനും ശേഷിക്കുന്ന മുഴുവന്‍ ഷട്ടറുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താനുമാണ് പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിനുള്ള സാമ്പത്തികാനുമതി ലഭിച്ചിരുന്നു. 31 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഇതിന് ലഭിച്ചിട്ടുള്ളത്.  കഴിഞ്ഞ ആഗസ്റ്റില്‍ സാങ്കേതികാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിഷയം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.  ടെന്‍ഡര്‍ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് രേഖാമൂലമുള്ള മറുപടിയില്‍ ജല വിഭവമന്ത്രി മാത്യൂ ടി. തോമസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അടിയന്തര പ്രാധാന്യത്തോടെ നീങ്ങിയാല്‍മാത്രമേ ഇത്തവണ ചാലിയാര്‍ തീരം വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെടൂ. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.