കോഴിക്കോട്: മൂന്നുദിവസം അന്തര്‍ദേശീയ ശ്രദ്ധ നേടി ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമാപിക്കുമ്പോള്‍ തെളിഞ്ഞത് കോഴിക്കോട് നഗരത്തിന്‍െറ അപര്യാപ്തതകള്‍. റോഡ് വികസനത്തിലെ പ്രശ്നങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ ഇല്ലാത്തതുമാണ് കോഴിക്കോടിനെ വലക്കുന്നത്. മികച്ച കണ്‍വെന്‍ഷന്‍ സെന്‍ററുകളില്ലാത്തതിനാല്‍ കടപ്പുറത്തെയും സരോവരത്തെയും താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് ബി.ജെ.പിയുടെ സമ്മേളനങ്ങള്‍ നടന്നത്. അതിഥികളുടെ താമസം, പ്രാഥമികാവശ്യങ്ങള്‍, ഭക്ഷണം എന്നിവക്കെല്ലാം താല്‍ക്കാലിക സംവിധാനങ്ങളെയാണ് ആശ്രയിക്കേണ്ടിവന്നത്. മാലിന്യസംസ്കരണം, പൊടിശല്യം, കുടിവെള്ള വിതരണം എന്നിവയെല്ലാം കാര്യക്ഷമമാക്കുന്നതിന് ഇത് തടസ്സമായി. കുടിവെള്ളം, ശുചീകരണം എന്നിവക്കെല്ലാം ടാങ്കറുകളെയാണ് ആശ്രയിച്ചത്. അമ്പതിനായിരത്തോളം കുപ്പിവെള്ളമാണ് സമ്മേളനനഗരിയില്‍ വിതരണം ചെയ്തത്. യാത്രാ സൗകര്യത്തിലെ അപര്യാപ്തതയായിരുന്നു പ്രധാന പ്രശ്നം. ശനിയാഴ്ചയും ഞായറാഴ്ചയും പലതവണ നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. അരയിടത്തുപാലം വഴി പാളയത്തുകൂടിയാണ് മിക്ക ബസുകളും തിരിച്ചു വിട്ടത്. ഇതോടെ പാളയത്ത് കനത്ത കുരുക്കായി. ഫൈ്ളഓവറുകളുടെ കുറവും ചെറുറോഡുകള്‍ വികസിപ്പിച്ച് ഗതാഗത യോഗ്യമാക്കാത്തതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു. ശനിയാഴ്ച ബീച്ചില്‍ പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനം നടക്കുമ്പോള്‍ ഈ ഭാഗത്തേക്ക് കാല്‍നട മാത്രമായിരുന്നു ശരണം. രാത്രി കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ കസ്റ്റംസ് റോഡില്‍ കുരുക്കില്‍പെട്ടത് കനത്ത സുരക്ഷാപാളിച്ചക്കും കാരണമായി. തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ മേല്‍പ്പാലത്തിന് വര്‍ഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും തൊണ്ടയാട് മാത്രമാണ് പ്രവൃത്തിയാരംഭിച്ചത്. ചെറുറോഡുകളുടെ വികസനത്തിനുവേണ്ടിയുള്ള പ്രവൃത്തിയുടെയും സ്ഥിതി സമാനമാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ നഗരത്തിലെ ഏഴ് റോഡുകള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ ഒന്നുപോലും പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയം-പുതിയറ റോഡ്, കാരപ്പറമ്പ്-കല്ലുത്താന്‍ കടവ്, വെള്ളിമാടുകുന്ന്-കോവൂര്‍, ഗാന്ധി റോഡ്-മിനി ബൈപാസ്-കുനിയില്‍കാവ്- മാവൂര്‍, മാനാഞ്ചിറ-വെള്ളിമാടുകുന്ന്, പനത്തുതാഴം-സി.ഡബ്ള്യൂ.ആര്‍.ഡി.എം, പുഷ്പജങ്ഷന്‍-മാങ്കാവ് എന്നിവയാണ് റോഡുകള്‍. മിക്കവയുടെയും സ്ഥലമെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.