കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി പൊലീസുകാരെല്ലാം തിരക്കിലായ സാഹചര്യം നോക്കി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാര്‍ വിലസി. ശനിയാഴ്ച രാത്രിയാണ് സ്റ്റാന്‍ഡില്‍ കൂട്ട പോക്കറ്റടി നടന്നത്. പാലക്കാട്, വയനാട് ഭാഗങ്ങളിലേക്കുള്ള നിരവധിപേരുടെ പഴ്സുകള്‍ മോഷണം പോയി. പലരും ബസില്‍ കയറി യാത്ര തുടങ്ങിയ സമയത്താണ് പോക്കറ്റടി വിവരമറിഞ്ഞത്. ശനിയാഴ്ച രാത്രി പാലക്കാട് ബസില്‍ കയറവെ വടകര സ്വദേശിയായ യുവാവിന്‍െറ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും തക്കസമയം യുവാവ് അറിഞ്ഞതിനാല്‍ പഴ്സ് ഉപേക്ഷിച്ച് പോക്കറ്റടിക്കാരന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്, യാത്രക്കാരുടെ ആവശ്യപ്രകാരം ഇന്‍ഫര്‍മേഷന്‍ ഡസ്കിലൂടെ പോക്കറ്റടിയുള്ള വിവരം മറ്റു യാത്രക്കാരെകൂടി അറിയിക്കുകയായിരുന്നു. മാസങ്ങള്‍ക്കിടെ നിരവധി യാത്രക്കാര്‍ക്കാണ് പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടത്. പലരും ബസില്‍ കയറി യാത്ര തുടര്‍ന്നതിനു ശേഷമാകും നഷ്ടപ്പെട്ട വിവരം അറിയുക. എന്നാല്‍, അധികംപേരും പരാതിനല്‍കാന്‍ മുതിരാത്തത് പോക്കറ്റടിക്കാര്‍ക്ക് കൂടുല്‍ സഹായമാകുന്നു. ചുരുക്കം ചിലര്‍മാത്രമാണ് പൊലീസില്‍ പരാതി പെടുന്നത്. സ്റ്റാന്‍ഡില്‍ പോക്കറ്റടി ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സഥാപിച്ച നിരീക്ഷണ കാമറകള്‍ ഫലപ്രദമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും കാമറകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. സാധാരണ ഒരു മാസത്തില്‍ 27ഓളം പോക്കറ്റടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ കാമറ സ്ഥാപിച്ചതിനുശേഷം കേസുകളുടെ എണ്ണം നന്നേ കുറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ജില്ലാ കലക്ടര്‍ ഒമ്പത് നിരീക്ഷണ കാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സ്റ്റാന്‍ഡിലേക്ക് അനുവദിച്ചത്. മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ കാമറകള്‍ വെച്ചതിനുശേഷം പോക്കറ്റടിക്കാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ യാത്രക്കാരെയാണ് മുഖ്യമായും ലക്ഷ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.