ആശ്വാസമായി നേന്ത്രക്കായ വില; കുറയാതെ വറുത്തുപ്പേരി

കോഴിക്കോട്: ഓണക്കാലത്ത് നേന്ത്രക്കായ വിപണിക്ക് എന്നും വന്‍ സ്ഥാനമുണ്ട്. നേന്ത്രക്കായ വിഭവങ്ങളായ വറുത്തുപ്പേരിക്കും ശര്‍ക്കരയുപ്പേരിക്കും ഓണക്കാലത്ത് ആവശ്യക്കാരേറെയുള്ളത് തന്നെ കാരണം. കഴിഞ്ഞ രണ്ടുമാസക്കാലം അടിക്കടി വര്‍ധിച്ച് നേന്ത്രക്കായ ചില്ലറ വിപണിയില്‍ 70 രൂപക്ക് മുകളില്‍ എത്തിയിരുന്നു. ഓണക്കാലത്ത് വില ഇതിലും കൂടുമെന്ന നിഗമനവുമുണ്ടായിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ തുടക്കത്തില്‍ വിപണിയില്‍ വില അല്‍പം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസമായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും നേന്ത്രക്കായ കൂടുതല്‍ എത്തിയതോടെയാണ് വിപണിയില്‍ വിലയില്‍ നേരിയ മാറ്റം വന്നത്. പാളയത്ത് മൊത്ത വ്യാപാരികള്‍ വെള്ളിയാഴ്ച നാടന്‍ നേന്ത്രക്കായ വിറ്റത് കിലോ 48 രൂപക്കും മേട്ടുപ്പാളയം 52 രൂപക്കുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാടന്‍ നേന്ത്രക്കായ 45 രൂപയും മേട്ടുപ്പാളയം 50 രൂപയുമായിരുന്നു വില. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മേയ് മാസത്തില്‍ കിലോക്ക് 40 രൂപയില്‍ കുറവായിരുന്ന നേന്ത്രക്കായ വിപണി പിന്നീട് കുതിച്ചുയരുകയായിരുന്നു. നേന്ത്രക്കായ് സുലഭമായി ലഭിക്കാത്തതാണ് വിലവര്‍ധനക്കു കാരണമായിരുന്നത്. പല സ്ഥലത്തും മഴക്കാലത്ത് വ്യാപകമായി കൃഷി നശിച്ചതും വിപണിയെ തളര്‍ത്തിയിരുന്നു. ഓണമടുത്തതോടെ കൂടുതല്‍ ലോഡുകള്‍ വന്നുതുടങ്ങി. വിലയില്‍ ചെറിയ ചാഞ്ചാട്ടം ഇനിയും ഉണ്ടാകുമെന്ന് പാളയത്തെ കച്ചവടക്കാര്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍, നേന്ത്രക്കായ വിപണിയിലെ മാറ്റം വറുത്തുപ്പേരിയുടെ വിലയില്‍ കാണുന്നില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നേന്ത്രക്കായ വില കൂടിയ സമയത്ത് വറുത്തുപ്പേരിക്കും ചിപ്സിനും വില കൂട്ടിയിരുന്നു. എന്നാല്‍, അതു തന്നെയാണ് ഇപ്പോഴും വില. കിലോക്ക് 320 മുതല്‍ 360 വരെയാണ് വറുത്തുപ്പേരി, ശര്‍ക്കരയുപ്പേരി, ചിപ്സ് എന്നിവയുടെ വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT