കോഴിക്കോട്: ഫ്രാന്‍സിസ് റോഡിലെ ടി.ബി ക്ളിനിക്കില്‍നിന്നുള്ള മാലിന്യം ചെമ്മങ്ങാട് പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രദേശത്തുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. നഗരത്തില്‍നിന്ന് കോര്‍പറേഷന്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടിടുന്നത് ക്ളിനിക്കിന്‍െറ കോമ്പൗണ്ടിലാണ്. ഇവിടെനിന്ന് മാലിന്യം വേര്‍തിരിച്ച് സംസ്കരണ യൂനിറ്റുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും കുറച്ചു കാലമായി മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ക്ളിനിക്കിന്‍െറ തൊട്ടുപിറകിലുള്ള വീടുകളിലൊന്നിലെ 15 വയസ്സായ ഒരു കുട്ടിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് ചികിത്സയിലാണ്. അതുകൊണ്ടുതന്നെ പ്ളാസ്റ്റിക് മലിനീകരണം വലിയ ആശങ്കയോടെയാണ് സമീപവാസികള്‍ കാണുന്നത്. സമീപത്തു താമസിക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് ആസ്ത്മ, ഇടവിട്ടുള്ള ചുമ, അലര്‍ജി എന്നിവ പതിവാണെന്ന് വീട്ടമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ളാസ്റ്റിക് കത്തിക്കുന്ന സമയത്ത് കോര്‍പറേഷനെ വിവരം ധരിപ്പിക്കാറുണ്ടെങ്കിലും ഇനിയുണ്ടാകില്ല എന്ന മറുപടിയല്ലാതെ നിര്‍ത്താനുള്ള നടപടിയൊന്നുമുണ്ടായിട്ടില്ല. ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രദേശം കാടുമൂടിക്കിടക്കുകയാണ്. ഇതുമൂലം തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണിവിടെ. രാത്രി ബൈക്കില്‍ വരുന്നവരെയടക്കം ഇവ ആക്രമിക്കുക പതിവാണ്. ക്ളിനിക്കിന്‍െറ പിന്‍ഭാഗത്ത് മതിലിന് വലുപ്പം കുറവായതിനാല്‍ ഏതുസമയത്തും തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നാണ് സമീപത്തുള്ളവര്‍ ജീവിക്കുന്നത്. ഇതിന് പരിഹാരം കാണേണ്ട കോര്‍പറേഷന്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. കാവല്‍ക്കാരനില്ലാത്തതിനാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരും ഇതൊരു താവളമായി ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.