തെങ്ങിലക്കടവില്‍ പൈപ്പ്ലൈനിലെ വിള്ളല്‍ അടച്ചു; പമ്പിങ് പുനരാരംഭിച്ചു

മാവൂര്‍: തെങ്ങിലക്കടവില്‍ ചെറുപുഴക്ക് മധ്യത്തില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പൈപ്പ്ലൈനിലെ വിള്ളല്‍ തീവ്ര ശ്രമത്തിനൊടുവില്‍ അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ഹൈ ഡെന്‍സിറ്റി പോളി എത്ലിന്‍ പൈപ്പ് ലൈനിലെ വിള്ളല്‍ പൂര്‍ണമായി അടച്ചത്. തുടര്‍ന്ന് 18 ദശലക്ഷം ലിറ്റര്‍ വിതരണ ശേഷിയുള്ള സ്റ്റേജ് രണ്ട് പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള പമ്പിങ്ങും ഉച്ചയോടെ പുനരാരംഭിച്ചു. ആദ്യം സ്റ്റേജ് രണ്ട് പ്ളാന്‍റിലെ 150 കുതിരശക്തിയുള്ള ഒരു മോട്ടോറും തുടര്‍ന്ന് ഇതേശേഷിയുള്ള രണ്ടാമത്തെ മോട്ടോറും പ്രവര്‍ത്തിപ്പിച്ച് ചോര്‍ച്ചയില്ളെന്ന് ഉറപ്പാക്കിയശേഷമാണ് പമ്പിങ് സാധാരണനിലയിലായത്. മുങ്ങല്‍ വിദഗ്ധരായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനപ്രയത്നത്തെ തുടര്‍ന്നാണ് ഉച്ചയോടെതന്നെ പമ്പിങ് പുനരാരംഭിക്കാനായത്. പണിമുടക്കായതിനാല്‍ വെള്ളിയാഴ്ച ജോലി നടത്താനാവുമോയെന്ന് സംശയമുണ്ടായിരുന്നു. നഗരത്തിലെ കുടിവെള്ള വിതരണത്തിലെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് അടിയന്തരപ്രാധാന്യത്തോടെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. തൊഴിലാളികള്‍ പതിവിന് വ്യത്യസ്തമായി വെള്ളിയാഴ്ച പുലര്‍ച്ചയോടെതന്നെ വെള്ളത്തിലിറങ്ങി ജോലിയാരംഭിച്ചതിനാലാണ് ഉച്ചയോടെ ഡബ്ള്‍ ക്ളാമ്പിന്‍െറ മുഴുവന്‍ ബോള്‍ട്ടുകളും ഉറപ്പിച്ച് ജോലി തീര്‍ക്കാനായത്. ക്ളാമ്പ് ഉറപ്പിക്കാനുള്ള ശ്രമം വ്യാഴാഴ്ച രാവിലെ തുടങ്ങിയിരുന്നെങ്കിലും പുഴയുടെ മധ്യഭാഗത്ത് വെള്ളത്തിനടിയിലായതിനാല്‍ ജോലി ദുഷ്കരമായിരുന്നു. 36ഓളം ബോള്‍ട്ടാണ് ഉറപ്പിക്കാനുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുറ്റിക്കാട്ടൂരില്‍ ബൂസ്റ്റര്‍ സ്റ്റേഷനിലത്തെുന്ന ജല അളവില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് പൈപ്പ് ലൈനിലെ ചോര്‍ച്ച ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് തെങ്ങിലക്കടവില്‍ ചെറുപുഴക്ക് മധ്യഭാഗത്താണ് ചോര്‍ച്ചയെന്ന് മനസ്സിലാകുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഇതിനുസമീപത്ത് പൈപ്പ് പൊട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.