തരുമോ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ആംബുലന്‍സ്?

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രോഗികളെയും അപകടങ്ങളില്‍പെടുന്നവരെയും കൃത്യസമയത്ത് ആശുപത്രിയിലത്തെിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. എ വണ്‍ കാറ്റഗറിയൊക്കെയാണെങ്കിലും സ്റ്റേഷനില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആംബുലന്‍സ് സൗകര്യമില്ലാത്തത് ജീവന്‍ അപകടത്തിലാകുന്നതിന് പ്രധാന കാരണമാകുകയാണ്. ദിനംപ്രതി അരലക്ഷത്തോളം യാത്രക്കാര്‍ വന്നുപോകുന്ന മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കോഴിക്കോട്ടേത്. എന്നാല്‍, ഇവിടെ ഒരപകടമുണ്ടായാലോ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാലോ സ്ട്രെചര്‍ സൗകര്യമോ ആംബുലന്‍സോ ഇല്ല. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അവിടെനിന്നുവേണം ആംബുലന്‍സ് എത്താന്‍. പൊലീസ് ആംബുലന്‍സില്‍ സ്ഥിരം ഡ്രൈവര്‍ ഉണ്ടാകാറില്ല. കണ്‍ട്രോള്‍ റൂമില്‍നിന്ന് ഡ്യൂട്ടി ക്രമീകരിച്ചാണ് ആംബുലന്‍സ് സര്‍വിസ് നടത്തുന്നത്. അപകടമുണ്ടായെന്ന് അറിഞ്ഞാല്‍തന്നെ ഡ്യൂട്ടി താല്‍ക്കാലികമായി മാറ്റി ആംബുലന്‍സ് എത്തുമ്പോഴേക്കും സമയം വൈകുന്നത് സ്ഥിരം കാഴ്ചയാണ്. പൊലീസും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. റെയില്‍വേയുടെ ഭാഗത്തുനിന്ന് ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. സന്നദ്ധസംഘടനകളോ എം.പിയോ ഇടപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥിരമായി ഒരു ആംബുലന്‍സ് ഏര്‍പ്പെടുത്തമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞമാസമാണ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയ്നില്‍നിന്ന് വീണ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ജയപ്രകാശ് മരിച്ചത്. അപകടം സംഭവിച്ചയുടനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തത് അന്ന് പ്രശ്നം സൃഷ്ടിച്ചിരുന്നു. ആംബുലന്‍സ് എത്തുമ്പോഴേക്കും ചോരവാര്‍ന്ന് അപകടത്തില്‍പെട്ടയാള്‍ ഗുരുതരാവസ്ഥയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ട്രെയ്നില്‍നിന്നുള്ള അപകടം പറ്റുമ്പോള്‍ സ്ട്രെചറില്‍ അല്ലാതെ കൊണ്ടുപോകാനുമാകില്ല. കൈക്കും കാലിനുമെല്ലാം ഗുരുതരമായി പരിക്കേറ്റയാളെ കിടത്തിയല്ലാതെ കൊണ്ടുപോയാല്‍ ജീവന്‍ കൂടുതല്‍ അപകടത്തിലാകും. ഓട്ടോയിലോ ജീപ്പിലോ മറ്റോ കൊണ്ടുപോയാല്‍ അത് രോഗിയുടെ നില വഷളാകുന്നതിന് കാരണമാകും. ഈ കാരണങ്ങള്‍കൊണ്ടാണ് ഇവിടെ സ്ഥിരമായി ആംബുലന്‍സ് ഉണ്ടാകണമെന്ന് ആവശ്യമുയരുന്നത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.