വടകര-മാഹി കനാല്‍ നവീകരണം പാതിവഴിയില്‍ കല്ളേരി നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

ആയഞ്ചേരി: വടകര-മാഹി കനാല്‍ നവീകരണം സ്തംഭനത്തിലായത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. കല്ളേരിയിലും പരിസരപ്രദേശത്തും താമസിക്കുന്നവരെയാണ് കനാല്‍ നിര്‍മാണം പാതിവഴിയിലായത് പ്രയാസത്തിലാക്കുന്നത്. കനാല്‍ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായതോടെ കിണറുകളിലെ ജലവിതാനം താഴുകയാണ്. കടുത്തവേനലിലും വറ്റാത്ത കിണറുകളില്‍ ഇപ്പോള്‍ത്തന്നെ വെള്ളം കുറവാണ്. കനാലിന് ആഴംകൂടിയതാണ് കിണറുകളിലെ വെള്ളം താഴോട്ട് പോകാനിടയാക്കുന്നത്. വലിയമല കോളനി ഉള്‍പ്പെടെ 200ഓളം വീട്ടുകാര്‍ക്ക് സഹായകരമായ ജനകീയ കുടിവെള്ളപദ്ധതിയുടെ കിണറും വറ്റുന്നവയില്‍പെടും. 500ഓളം കുടുംബങ്ങള്‍ ജലക്ഷാമത്തിന്‍െറ പിടിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കനാലില്‍ തടയണകള്‍ നിര്‍മിച്ച് ജലവിതാനം ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കനാല്‍ നിര്‍മാണം ആരംഭിച്ചതോടെ സമീപത്തെ വീടുകള്‍ക്ക് വിള്ളലുകള്‍ വന്നിട്ടുണ്ട്. ഇത് അപകടഭീഷണി ഉയര്‍ത്തുന്നു. കനാല്‍ കുഴിച്ച മണ്ണ് കല്ളേരിയിലും പരിസരപ്രദേശങ്ങളിലും മലപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ, നാട്ടുകാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന വഴി തടസപ്പെട്ട് കിടക്കുകയാണ്. ചളിമണ്ണ് കൂട്ടിയിട്ടിരിക്കുന്നതിനാല്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ ഉണങ്ങുന്നത് കല്ളേരിഭാഗത്തെ കാഴ്ചയാണ്. പറമ്പുകളിലെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതും വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കനാലില്‍നിന്ന് മണല്‍ കലര്‍ന്ന മണ്ണ് വ്യാപകമായി കടത്തിയിരുന്നു. ഇതിനായി കനാലില്‍ വലിയ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കല്ളേരി മുതല്‍ തച്ചോളിത്താഴ വരെയുള്ള പ്രദേശവാസികള്‍ കനാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹകള്‍: എന്‍.ടി.കെ. രാജന്‍ (ചെയര്‍), ടി.പി. മമ്മു, ടി.കെ. സത്യന്‍ (വൈസ് ചെയര്‍), സലാം കല്ളേരി(കണ്‍), പി. ബാലനാരായണന്‍, ആര്‍.കെ. ദിലേന്ദ്രന്‍(ജോ.കണ്‍), മജീദ് കൊല്ലങ്കണ്ടി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.