കോഴിക്കോട്: സ്വകാര്യ ബസുകളില്‍ സി.സി കാമറ സ്ഥാപിക്കാനുള്ള നീക്കത്തോട് ഗതാഗത വകുപ്പും ബസ് ഉടമകളും പുറംതിരിഞ്ഞതോടെ പദ്ധതി അവതാളത്തില്‍. സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സ്വകാര്യ ബസുകളിലും സ്കൂള്‍ ബസുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പുരംഗത്ത് വന്നിരുന്നു. ഇതിന്‍െറ ഭാഗമായി നഗരത്തിലും സ്വകാര്യ ബസുടമകളുമായി ചര്‍ച്ചനടത്തി നോട്ടീസ് നല്‍കാന്‍ സിറ്റി ട്രാഫിക് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ സ്ഥാനചലനമാണ് പദ്ധതി നിലക്കാന്‍ കാരണമെന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ആഗസ്റ്റ് 10ന് ഫറോക്കില്‍ സ്കൂളിലേക്ക് പോകാന്‍ ബസില്‍ കയറിയ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പീഡിപ്പിച്ചിരുന്നു. വടകരയിലും സമാനമായ രണ്ട് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്നാണ് ബസുകളില്‍ കാമറ സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. വിദ്യാര്‍ഥികളോടും സ്ത്രീകളോടുമുള്ള ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മോശമായ സമീപനം തടയുക, ബസിലെ മോഷണം ഇല്ലാതാക്കുക, അമിത വേഗത തടയുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ബസുടമകളുടെയും സ്കൂള്‍ അധികൃതരുടെയും യോഗം വിളിച്ചുചേര്‍ത്ത് വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനായിരുന്നു തീരുമാനം. സ്വകാര്യ ബസുകള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും പുറമെ കാമറയില്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സി.സി ടി.വി കാമറ സ്ഥാപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. കാമറ സ്ഥാപിക്കുന്നതോടെ സ്കൂള്‍ ബസുകളുടെ അമിത വേഗത, അനുവദനീയമായതിലും കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ട് പോകല്‍ തുടങ്ങിയ പ്രവണത ഇല്ലാതാക്കാന്‍ സാധിക്കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ ഒമ്പത് സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. അതേസമയം, ദീര്‍ഘദൂര സര്‍വിസ് നടത്തുന്നത് ഉള്‍പ്പെടെ പല സ്വകാര്യ ബസുകളും ആഡംബരത്തിന്‍െറ ഭാഗമായി സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിര്‍ദേശം പാലിക്കാന്‍ പല ബസുടമകളും വിമുഖത കാണിക്കുകയാണ്. പൊലീസിന്‍െറ പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണെങ്കിലും പദ്ധതിയുടെ ചെലവുവഹിക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ളെന്ന് ബസുടമകള്‍ പറയുന്നു. ബസുകളുടെ ബോര്‍ഡ് സ്ഥാപിക്കാന്‍ തമിഴ്നാട്ടിലെ സ്ഥാപനം വന്ന് സര്‍വേ നടത്തിയിരുന്നെന്നും അതും നടപ്പായില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.