നൊമ്പരമായി മുഹമ്മദ് കാസിമിന്‍െറ വേര്‍പാട്

കോഴിക്കോട്: സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന പി.എസ്. മുഹമ്മദ് കാസിമിന്‍െറ വേര്‍പാട് നാടിന്‍െറ വേദനയായി. റിട്ട. എ.ഐ.ജി പൈനാപ്പള്ളി പി.എസ്. മുഹമ്മദ് കാസിം എന്ന കാസിം തിങ്കളാഴ്ചയാണ് മരിച്ചത്. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിന്‍െറ നേതൃത്വത്തിലുള്ള 25ഓളം വിവിധ സ്ഥാപനങ്ങളുടെയും ഇഖ്റ ആശുപത്രിയുടെയും അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുകയായിരുന്നു. ജെ.ഡി.ടിയുടെ അഡ്മിനിസ്ട്രേറ്ററായി 2004ല്‍ ചുമതലയേറ്റു. പ്രവര്‍ത്തന മികവിനെ തുടര്‍ന്നാണ് മുഴുവന്‍ സ്ഥാപനങ്ങളുടെയും ചുമതല ഇദ്ദേഹത്തിന് നല്‍കിയത്. കോഴിക്കോട്ടെ പൊതുദര്‍ശനത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലത്തെിച്ച് പൊലീസിന്‍െറ ആചാരവെടികളോടെ തിങ്കളാഴ്ച വൈകീട്ട് നൈനാര്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മികച്ച വോളിബാള്‍ കളിക്കാരനായിരുന്ന കാസിം 1968ലാണ് പൊലീസ് വകുപ്പില്‍ എസ്.ഐ ആയി നിയമനം നേടിയത്. പൊലീസ് ട്രെയ്നിങ് കോളജ് ടീം ക്യാപ്റ്റനായി വര്‍ഷങ്ങളോളം തുടര്‍ന്ന ഇദ്ദേഹത്തിന് മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി സി.എച്ച്. മുഹമ്മദ് കോയയില്‍നിന്ന് ട്രോഫി നേടിയിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പിയായി കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ജോലിനോക്കിയിരുന്നു. ഇക്കാലത്ത് ആരോപണ വിധേയരായ ചീഫ് സെക്രട്ടറിയടക്കമുള്ള പല ഉയര്‍ന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള കേസുകളും അന്വേഷണങ്ങളും നടത്തിയിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത അദ്ദേഹം 31വര്‍ഷത്തെ സേവനത്തിനുശേഷം അസി. ഐ.ജി (അഡ്മിനിസ്ട്രേഷന്‍) ആയി 1999ലാണ് വിരമിച്ചത്. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്തിന്‍െറ അഡ്ഹോക് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. അയിശാ പള്ളി പണിയുന്നതിന് നേതൃത്വം നല്‍കിയ ഇദ്ദേഹം പള്ളിയുടെ മുതവല്ലിയായി തുടര്‍ന്നുവരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ മെക്ക ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളജ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായും കാഞ്ഞിരപ്പള്ളി മുസ്ലിം ജമാഅത്ത് (കെ.എം.എ) പ്രസിഡന്‍റ്, ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍, ഈരാറ്റുപേട്ട പി.എം.സി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ എന്നീ ചുമതലകളും മുമ്പ് വഹിച്ചിരുന്നു. ഭാര്യ: ചെരിപുറത്ത് കുടുംബാംഗം പരേതയായ സുബൈദ. മക്കള്‍: അഡ്വ. ഷാനു കാസിം, തസ്നീം, ഷൈനി, ഷിനു, അയിശു, തന്‍ഹ. മരുമക്കള്‍: ഷിനി, പി.എസ്. അന്‍സാരി (എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍), ജാഫര്‍ഖാന്‍ (തഹസില്‍ദാര്‍ കട്ടപ്പന), അസീം, അനക്ഷാ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.