മക്കളെ കുറിച്ചുള്ള വേദനകളുമായി അമ്മമാര്‍

കോഴിക്കോട്: മൊകവൂരുകാരി ലീല ചിത്രരചനയിലേക്കും മറ്റും തിരിഞ്ഞത് ഹൃദയം പിളര്‍ക്കുന്ന വേദനയെ കുറച്ചു നേരത്തേക്കെങ്കിലും മാറ്റിനിര്‍ത്താനാണ്. കൈവിട്ടുപോയ മക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടുന്ന രാത്രികളില്‍ ഉറക്കമിളച്ചിരുന്ന് വരക്കും. തന്‍െറ ജീവിതത്തില്‍നിന്ന് അകന്നുപോയ നിറങ്ങള്‍ ചേര്‍ത്ത് ചിരിക്കുന്ന പൂക്കളെയും പറക്കുന്ന പ്രാവുകളെയും തളിരിടുന്ന ചെടികളെയും അവര്‍ വരക്കുന്നു. വിധവ പെന്‍ഷന്‍ ലഭിക്കുന്ന തുക മുഴുവന്‍ ചായം വാങ്ങാനും മറ്റുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാനാഞ്ചിറ ബി.ഇ.എം സ്കൂളില്‍ സംഘടിപ്പിച്ച ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്കാദരം’ വയോജന ദിനാഘോഷ വേദിയില്‍ ലീലാമ്മയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. പേപ്പര്‍ പൂക്കള്‍, തെങ്ങിന്‍െറ കുലച്ചില്‍ കൊണ്ട് പൂച്ചെടി, കളിമണ്ണുകൊണ്ട് ശില്‍പങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്. മക്കളുണ്ടായിട്ടും തിരിഞ്ഞു നോക്കാത്തതിന്‍െറ വേദന പേറി നിരവധി മാതാപിതാക്കള്‍ വയോജനദിനാഘോഷത്തിനത്തെി. മക്കള്‍ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചവര്‍, മക്കളുടെ പീഡനങ്ങള്‍ സഹിച്ചും അവരോടൊപ്പം നില്‍ക്കുന്നവര്‍ തുടങ്ങി വിവിധ തരക്കാരാണ് ബി.ഇ.എം മുറ്റത്ത് ഒന്നിച്ചുകൂടിയത്. ‘എങ്ങിനെ ഞാന്‍ ഉറക്കേണ്ടൂ... എങ്ങിനെ ഞാന്‍ ഉണര്‍ത്തേണ്ടൂ...’ മുഖ്യാതിഥിയായത്തെിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഈ പാട്ട് ആലപിച്ചപ്പോള്‍ പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, സാമൂഹികനീതി വകുപ്പ്, സാമൂഹിക സുരക്ഷാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ മുഖ്യാതിഥികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്, കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജന്‍, കൗണ്‍സിലര്‍ അഡ്വ. സി.കെ. സീനത്ത്, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ടി.പി. സാറാമ്മ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.