കോഴിക്കോട്: കാല്‍പന്തുകളിയില്‍ കേരളത്തിന്‍െറ അഭിമാന താരങ്ങള്‍ വീണ്ടും ബൂട്ടണിഞ്ഞു. ഫുട്ബാളിലെ പഴയ പടക്കുതിരകള്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയം സഞ്ചരിച്ചത് പതിറ്റാണ്ടിനും പിന്നിലേക്ക്. ദേശീയ-സംസ്ഥാന താരങ്ങളായ യു. ഷറഫലി, വിക്ടര്‍ മഞ്ഞില, കെ.എഫ്. ബെന്നി, കെ.പി. സേതുമാധവന്‍, ടി. പ്രസാദ്, സോളി സേവ്യര്‍, സി.പി.എം. അബ്ദുല്‍ റഷീദ്, ഇട്ടി മാത്യു, കെ.വി.എ. റിയാസ് തുടങ്ങിയവരാണ് ഞായറാഴ്ച കോര്‍പറേഷന്‍ സ്റ്റേഡിയത്തിലിറങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാല എക്സ് ഫുട്ബാളേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് ഇവര്‍ വീണ്ടും സംഗമിച്ചത്. സര്‍വകലാശാലാ മുന്‍ താരങ്ങള്‍ കൂടിയായ ഇവര്‍ വിക്ടര്‍ മഞ്ഞില, സി.പി.എം. ഉസ്മാന്‍ കോയ എന്നിവര്‍ നായകരായ ഇരു ടീമുകളായാണ് സൗഹൃദ മത്സരത്തിനിറങ്ങിയത്. മണിക്കൂര്‍ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഉസ്മാന്‍ കോയ ടീം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ചു. ഉസ്മാന്‍ കോയ ടീമിനുവേണ്ടി യു. ഷറഫലി, അഷ്റഫ്, എന്‍.പി. അഷ്റഫ്, റിയാസ് എന്നിവരും വിക്ടര്‍ മഞ്ഞില ടീമിനു വേണ്ടി അഹമ്മദ് കോയ, അക്ബര്‍ സിദ്ദീഖ്, കെ. റിയാസ് എന്നിവരും ഗോളുകള്‍ നേടി. കളിക്കുശേഷം പാരമൗണ്ട് ടവറില്‍ ഇവര്‍ ഒത്തുകൂടി. വാഴ്സിറ്റി മുന്‍ താരങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എം. മോഹന്‍ദാസ് എന്നിവരുടെ കുടുംബത്തിനായി സമാഹരിച്ച ധനസഹായം ബന്ധുക്കള്‍ക്ക് കൈമാറി. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, കായിക വകുപ്പ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.