കോഴിക്കോട്: കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്ന് വി.കെ.സി. മമ്മദ് കോയ പടിയിറങ്ങിയത് അപൂര്‍വമായൊരു മാതൃക സൃഷ്ടിച്ച്. ആറു മാസം മേയറായി പ്രവര്‍ത്തിച്ച അദ്ദേഹം ഇതുപ്രകാരമുള്ള ഒരു ആനുകൂല്യവും വാങ്ങാതെയാണ് പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായത്. ഓണറേറിയം, വാഹനം, ഡീസല്‍ചെലവ്, സിറ്റിങ് ഫീസ് എന്നിവയൊന്നും അദ്ദേഹം കൈപ്പറ്റിയില്ല. യോഗങ്ങള്‍ക്കുള്ള ചായയുടെ പൈസ പോലും കോര്‍പറേഷന്‍ ഫണ്ടില്‍നിന്ന് ഇതുവരെ നല്‍കേണ്ടിവന്നിട്ടില്ളെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ടി.പി. സതീശന്‍ പറഞ്ഞു. സ്വന്തം കാറില്‍ സ്വന്തം നിലക്ക് ഇന്ധനം നിറച്ചാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. കോര്‍പറേഷനില്‍ എത്തുന്ന സാധാരണക്കാര്‍ക്ക്, ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചുനല്‍കണമെന്ന് നിര്‍ബന്ധമായിരുന്നു. ഇതിനായി പൗരാവകാശരേഖ വിപുലമാക്കി പ്രസിദ്ധീകരിച്ചു. മാലിന്യസംസ്കരണം, തെരുവു വിളക്കുകള്‍ എന്നിവക്കുവേണ്ടി തുടക്കത്തിലേ നടപടി സ്വീകരിച്ചു. കോര്‍പറേഷനില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനും നടപടിയെടുത്തുവരുകയായിരുന്നു. കോര്‍പറേഷനില്‍ ആവശ്യത്തിന് കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല കാബിനുകളിലും കമ്പ്യൂട്ടറുകള്‍ ആവശ്യത്തിന് ഇല്ലാതിരുന്നതിനാല്‍ ഒരാള്‍ എഴുന്നേറ്റ ശേഷം മറ്റൊരാള്‍ ഇരിക്കേണ്ട അവസ്ഥയായിരുന്നു. മേയര്‍ എന്ന നിലക്ക് ഇത്തരം കാര്യങ്ങളിലുള്ള പരിമിതി യാത്രയയപ്പ് യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഒരു പ്യൂണിന്‍െറ സ്ഥലംമാറ്റം തടയാന്‍പോലും മേയര്‍ക്കാവില്ളെന്നതാണ് വസ്തുതയെന്നും ഇത് തന്‍െറ അനുഭവമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എം.എല്‍.എ ആയാലും കോര്‍പറേഷനുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. കോര്‍പറേഷന്‍ ഭരണത്തിലെ എല്ലാ പ്രശ്നങ്ങളും തനിക്കറിയാം. പുതിയ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയും. ബേപ്പൂരില്‍നിന്ന് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട വി.കെ.സി വെള്ളിയാഴ്ചയാണ് മേയര്‍സ്ഥാനത്തുനിന്ന് വിടവാങ്ങിയത്. രണ്ടാം തവണയാണ് എം.എല്‍.എ ആവുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചെറുവണ്ണൂര്‍-നല്ലളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.