എം.എ. റസാഖിന്‍െറ തോല്‍വി; കൊടുവള്ളി ലീഗില്‍ കലാപം

കൊടുവള്ളി: മുസ്ലിം ലീഗിന്‍െറ കരുത്തുറ്റ മണ്ഡലമായ കൊടുവള്ളിയില്‍ വിമതനായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച കാരാട്ട് റസാഖിനോട് ജില്ലാ ജനറല്‍ സെക്രട്ടറിയായ എം.എ. റസാഖ് പരാജയപ്പെട്ടതോടെ മണ്ഡലത്തില്‍ വിമതസ്വരങ്ങള്‍ കരുത്താര്‍ജിക്കുന്നു. വേണ്ട ചര്‍ച്ചകളൊന്നുമില്ലാതെ പൊതുജനങ്ങളില്‍ സ്വീകാര്യനല്ലാത്തയാളെ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മത്സരത്തിനിറക്കിയതാണ് മണ്ഡലം യു.ഡി.എഫിന് നഷ്ടപ്പെട്ടതെന്ന വികാരമാണ് ലീഗ് പ്രവര്‍ത്തകരില്‍നിന്നുള്‍പ്പെടെ ഉയര്‍ന്നുവരുന്നത്. വിവിധ ഉദ്ദേശ്യത്തോടെ കൊടുവള്ളിയിലെ ലീഗില്‍ ഗ്രൂപ്പിസത്തിന് നേതൃത്വം നല്‍കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്ത് പാര്‍ട്ടിയെ നശിപ്പിച്ചവരാണ് പരാജയത്തിനുത്തരവാദികളെന്ന അഭിപ്രായമാണ് ഉയരുന്നത്. 2005ല്‍ പി.ടി.എ. റഹീമിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സന്ദര്‍ഭത്തില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടി വിട്ടപ്പോള്‍ മണ്ഡലത്തില്‍ ലീഗിനെ നിലനിര്‍ത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് കാരാട്ട് റസാഖ്. മണ്ഡലം കൗണ്‍സില്‍ യോഗത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് ജനറല്‍ സെക്രട്ടറിയായ കാരാട്ട് റസാഖിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ് സമവാക്യങ്ങള്‍ രൂപപ്പെടുത്തി ഇരട്ടപ്പദവി ആരോപിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെപ്പിക്കുകയുണ്ടായി. ഇതോടെ കുത്തഴിഞ്ഞ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തന്നെ കാരാട്ടിനെ ചുമതലപ്പെടുത്തുകയും ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കുകയുമായിരുന്നു. ബ്ളോക് പ്രസിഡന്‍റായിരിക്കെ ബ്ളോക് നടത്തുന്ന പരിപാടികളില്‍നിന്ന് കൊടുവള്ളി നഗരസഭാ നേതൃത്വമുള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കുകയുമുണ്ടായി. പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാരാട്ട് റസാഖിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തന്‍െറ നിലപാട് സംസ്ഥാന നേതൃത്വത്തോട് തുറന്നുപറഞ്ഞതോടെ ജില്ലാ-സംസ്ഥാന നേതൃത്വവും കാരാട്ടിനെ തഴഞ്ഞത്രെ. ഇതിനു പിന്നാലെ സംസ്ഥാന നേതൃത്വം കാരാട്ടിനെ പാണക്കാട്ടേക്ക് വിളിപ്പിച്ച് ശാസിക്കുകയുമുണ്ടായി. പിന്നീട് കുഞ്ഞാലിക്കുട്ടി നടത്തിയ കേരളയാത്രക്ക് കൊടുവള്ളിയില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചതോടെ നഗരസഭാ കമ്മിറ്റിയുടേതുള്‍പ്പെടെയുള്ളവരുടെ ബഹിഷ്കരണ എതിര്‍പ്പിനെ തുടര്‍ന്ന് സ്വീകരണ കേന്ദ്രം നരിക്കുനിയിലേക്ക് മാറ്റുകയുണ്ടായി. പരിപാടി പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട കാരാട്ട് റസാഖിനോട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാന്‍ പറയുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാന നേതൃത്വം മതിയായ ചര്‍ച്ചകളില്ലാതെ എം.എ. റസാഖിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നാണ് പറയുന്നത്. മണ്ഡലത്തില്‍ സ്വീകാര്യനായ വി.എം. ഉമ്മറിനെ തിരുവമ്പാടിയിലേക്ക് മാറ്റി എം.എ. റസാഖ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി വരുകയായിരുന്നു. കാരാട്ട് റസാഖിന്‍െറ വിജയത്തോടെ പാര്‍ട്ടിയിലെയും പോഷക സംഘടനകളിലെയുമെല്ലാം ഭാരവാഹിത്വത്തിലിരിക്കുന്നവര്‍ രാജിയുമായി രംഗത്തുവന്നതായാണ് വിവരം. പി.ടി.എ. റഹീമിന് പിന്നാലെ കാരാട്ട് റസാഖും ലീഗില്‍നിന്ന് പുറത്തുവന്ന് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചതോടെ കൊടുവള്ളിയില്‍ ലീഗ് വിമതപക്ഷക്കാര്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.