റഹീമിനെ തുണച്ചത് ഒളവണ്ണ; സിദ്ദീഖിനെ കൈവിട്ട് കുന്ദമംഗലം

കുന്ദമംഗലം: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷത്തിന്‍െറ ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് പി.ടി.എ. റഹീമിന് ശക്തമായ പിന്തുണ നല്‍കിയപ്പോള്‍, യു.ഡി.എഫിന്‍െറ കോട്ട എന്നവകാശപ്പെടുന്ന കുന്ദമംഗലം പഞ്ചായത്ത് സിദ്ദീഖിനെ കൈവിട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍െറ ഉജ്ജ്വല വിജയത്തിനിടയാക്കിയത്. ഒളവണ്ണ പഞ്ചായത്തില്‍നിന്ന് 6029 വോട്ടുകളാണ് റഹീം അധികമായി നേടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ 4987 വോട്ടിന്‍െറ ലീഡാണ് ഇദ്ദേഹം വര്‍ധിപ്പിച്ചത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 3246 വോട്ടിന്‍െറ ലീഡുണ്ടായിരുന്ന കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 1121 വോട്ട് മാത്രമാണ് സിദ്ദീഖിന് അധികമായി നേടാനായത്. കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളായ ചാത്തമംഗലം, പെരുവയല്‍, മാവൂര്‍, പെരുമണ്ണ എന്നിവിടങ്ങളിലും എല്‍.ഡി.എഫാണ് ലീഡ് നേടിയത്. ചാത്തമംഗലത്ത് 2134 വോട്ടിന്‍െറ ലീഡാണ് റഹീം നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേരിയ ലീഡ് മാത്രമുണ്ടായിരുന്ന പെരുവയലിലും മാവൂരിലും വ്യക്തമായ മേധാവിത്വം നേടാന്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ റഹീമിന് കഴിഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പെരുവയലില്‍ 1517 വോട്ടും മാവൂരില്‍ 778 വോട്ടുമാണ് റഹീമിന് അധികമായി ലഭിച്ചത്. സിദ്ദീഖിന്‍െറ ജന്മനാടായ പെരുമണ്ണ പഞ്ചായത്തിലും റഹീമിന് 1331 വോട്ടിന്‍െറ ലീഡുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍നിന്ന് 4000 വോട്ടിന്‍െറ ലീഡാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടിരുന്നത്. ഇത് 1000മായി ചുരുങ്ങിയത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ താഴെ തട്ടിലിറങ്ങി മികച്ചരീതിയില്‍ പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ നടത്തിയത്. പി.ടി.എ. റഹീമിന് മണ്ഡലത്തില്‍ കഴിഞ്ഞതവണ 3269 വോട്ടിന്‍െറ ലീഡാണുണ്ടായിരുന്നത്. ഇത് ഇത്തവണ 11,205 വോട്ടായി വ ര്‍ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.