എലത്തൂര്‍: സഖ്യകക്ഷിബന്ധം ഉലക്കുന്ന ഫലം

കക്കോടി: രാഷ്ട്രീയത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നത് സാധാരണയെങ്കിലും എലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ട് കക്ഷിബന്ധങ്ങളെ തകര്‍ക്കുന്നു. വോട്ടിങ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫിലെ കക്ഷികള്‍ പരസ്പരം സംശയത്തിന്‍െറ നിഴലിലാകുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രന് ലഭിച്ച ഭൂരിപക്ഷമാണ് തങ്ങളുടെ തോല്‍വിയെക്കാള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് കക്ഷികളെ ഞെട്ടിച്ചിരിക്കുന്നത്. പരസ്പരം കാലുവാരിയെന്ന തോന്നലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. മാനക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ മുടന്തുന്യായങ്ങള്‍ തപ്പുകയാണ് കോണ്‍ഗ്രസും പ്രവര്‍ത്തകരും. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,62,830 വോട്ടര്‍മാരില്‍ 1,33,967 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രന് 67,143 വോട്ടാണ് അന്ന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ജെ.ഡിയുടെ ഷേക്ക് പി. ഹാരിസ് 52,489 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വി.വി. രാജന് 11,901 വോട്ടും ലഭിച്ചു. ശശീന്ദ്രന്‍ 14,654 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 1,87,392 വോട്ടര്‍മാരില്‍ 1,55,696 പേര്‍ വോട്ട് രേഖപ്പെടുത്തി. എ.കെ. ശശീന്ദ്രന് 76,387 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി പി. കിഷന്‍ചന്ദിന് 47,330 വോട്ടും ലഭിച്ചു. എ.കെ. ശശീന്ദ്രന്‍െറ ഭൂരിപക്ഷം 29,057 ആണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 21,729 വോട്ടിന്‍െറ വര്‍ധനയുണ്ടായിട്ടും 2011ലെ വോട്ടിനേക്കാള്‍ 5159 വോട്ടിന്‍െറ കുറവാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എ.കെ. ശശീന്ദ്രന്‍െറ ഭൂരിപക്ഷം 14,654 വോട്ടില്‍നിന്ന് 29,057 വോട്ടിലേക്ക് ഉയരുകയും ചെയ്തു. എന്നാല്‍, 2011ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വി.വി. രാജന് ഇത്തവണ 29,070 വോട്ട് ലഭിക്കുകയും ചെയ്തു. 17,169 വോട്ടിന്‍െറ വര്‍ധനയാണ് ഇത്തവണ വി.വി. രാജന് ലഭിച്ചത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പി നില മെച്ചപ്പെടുത്തുന്നതാണ് വ്യക്തമാകുന്നത്. യു.ഡി.എഫിന്‍െറ വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചതാണെന്ന ആക്ഷേപം ബി.ജെ.പിയും യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചതാണെന്ന് എല്‍.ഡി.എഫും പറയുന്നു. ബി.ജെ.പി വരവിന് തടയിടാന്‍ ന്യൂനപക്ഷവോട്ടുകള്‍ എ.കെ. ശശീന്ദ്രന് ലഭിച്ചതാകാമെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.