സി.പി.എമ്മിനെ ഞെട്ടിച്ച് കുറ്റ്യാടി; വിറപ്പിച്ച് പേരാമ്പ്രയും

കോഴിക്കോട്: ജില്ലയിലെ മിന്നും ജയത്തിനിടയിലും സി.പി.എമ്മിന് തിരിച്ചടിയായി കുറ്റ്യാടിയിലെ തോല്‍വി. ജയിച്ചു കയറിയെങ്കിലും പേരാമ്പ്രയിലെ ഭൂരിപക്ഷത്തിലെ ഇടിവ് മറ്റൊരു പ്രഹരവുമായി. പാര്‍ട്ടിയില്‍ അടുത്ത ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതായി ഇരുസംഭവങ്ങളും. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവുമായ കെ.കെ. ലതികക്ക് മൂന്നാമങ്കത്തിലാണ് കാലിടറിയത്. സംസ്ഥാനമാകെ ഇടതുതരംഗം ആഞ്ഞടിക്കുമ്പോഴാണ് മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ലയോട് 1157 വോട്ടിന് അടിയറവ് പറയേണ്ടി വന്നത്. കുറ്റ്യാടി കൈവിടുമെന്ന് പാര്‍ട്ടിയില്‍ അടക്കം പറയുമ്പോഴും നേരിയ വോട്ടിന് ഇവര്‍ ജയിച്ചുകയറുമെന്ന പ്രതീക്ഷ നേതാക്കള്‍ കൈവിട്ടില്ല. കുറ്റ്യാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍തോതില്‍ പണമൊഴുക്കിയെന്ന് സി.പി.എം നേതാക്കള്‍ തെരഞ്ഞെടുപ്പ് പിറ്റേന്ന് ആരോപിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. മണ്ഡലത്തില്‍ കാര്യമായ വികസനമൊന്നും അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായില്ളെന്നും ഇവരെ വീണ്ടും മത്സരിപ്പിക്കരുതെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിര്‍ദേശിച്ചവരില്‍ ഇവരുടെ പേരില്ളെന്നും സമ്മര്‍ദത്തിനൊടുവില്‍ പിന്നീട് ഉള്‍പ്പെടുത്തിയതാണെന്നും പരാതിയുമുയര്‍ന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍െറ ഭാര്യകൂടിയാണ് കെ.കെ. ലതിക. നീണ്ട പത്തുവര്‍ഷക്കാലംസി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി. രാമകൃഷ്ണന്‍െറ പേരാമ്പ്രയിലെ പ്രകടനം വരും നാളുകളില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചക്കാണ് വഴിയൊരുക്കുക. ജില്ലയില്‍ പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തിലാണ് മുതിര്‍ന്ന നേതാവിന്‍െറ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത്. വോട്ടെണ്ണല്‍ വേളയില്‍ ആദ്യം മുതല്‍ ഇദ്ദേഹം പിന്നിലായത് തോല്‍ക്കുമെന്ന പ്രതീതിപോലുമുണ്ടാക്കി. 4101വോട്ടിന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ അഡ്വ. മുഹമ്മദ് ഇഖ്ബാലിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ. കുഞ്ഞമ്മദിന് 15,269 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് പേരാമ്പ്രയിലും വലിയ അടിയൊഴുക്കിനു കാരണമായത്. സിറ്റിങ് എം.എല്‍.എക്ക് വീണ്ടും അവസരം നല്‍കുകയോ വേറെ ആരെയെങ്കിലും മത്സരിപ്പിക്കുകയോ ചെയ്യണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ ചൈനയിലേക്ക് പോയയാള്‍ എന്നൊക്കെയാണ് സ്ഥാനാര്‍ഥിക്കെതിരെ ഒരു വിഭാഗം പ്രചരിപ്പിച്ചത്. ഇതെല്ലാം ഭൂരിപക്ഷം കുത്തനെ ഇടിയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.