തിരുവമ്പാടിയില്‍ യു.ഡി.എഫിലെ അടിയൊഴുക്ക് ഇടതിന് നേട്ടമായി

തിരുവമ്പാടി: മണ്ഡലത്തില്‍ യു.ഡി.എഫിലെ അടിയൊഴുക്ക് ഇടതുമുന്നണിക്ക് നേട്ടമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസിന് 3008 വോട്ടിന് വിജയിക്കാനായത് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച കാരണമെന്ന് വ്യക്തം. വിജയിക്കുന്ന പക്ഷം പരമാവധി 1500 വോട്ടിന്‍െറ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. സ്വാധീനമുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫിന് വോട്ട് ഗണ്യമായി കുറഞ്ഞത് പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് നേടിക്കൊടുത്തത്. 4000 വോട്ടിന് വിജയിക്കുമെന്നായിരുന്നു യു.ഡി.എഫ് വിലയിരുത്തല്‍. യു.ഡി.എഫ് മികച്ച ലീഡ് പ്രതീക്ഷിച്ച പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. പുതുപ്പാടിയില്‍ 1904 വോട്ടും കോടഞ്ചേരിയില്‍ 1774 വോട്ടും കൂടരഞ്ഞിയില്‍ 13 വോട്ടുമാണ് യു.ഡി.എഫിന് അധികം നേടാനായത്. തിരുവമ്പാടിയില്‍ 1074 വോട്ടിന്‍െറ ഭൂരിപക്ഷം എല്‍.ഡി.എഫിന് ലഭിച്ചു. മുക്കം നഗരസഭയില്‍ 3193 വോട്ട് ഇടതുമുന്നണി അധികം നേടി. കാരശ്ശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 1480, 773 വോട്ടുകളുടെ ഭൂരിപക്ഷം എല്‍.ഡി.എഫിന് ലഭിച്ചു. മണ്ഡലത്തില്‍ 179 പോസ്റ്റല്‍ വോട്ടും ഇടതുമുന്നണി നേടി. യു.ഡി.എഫ് ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ച മുന്നണിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പരാജയകാരണമായോ എന്ന് മുന്നണിക്ക് പരിശോധിക്കേണ്ടിവരും. എന്നാല്‍, സംസ്ഥാനത്തുണ്ടായ ഭരണവിരുദ്ധ തരംഗം തിരുവമ്പാടിയിലും പ്രതിഫലിച്ചുവെന്ന വിലയിരുത്തലും യു.ഡി.എഫ് ക്യാമ്പിലുണ്ട്. തോല്‍വി തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിലെ അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കിയേക്കും. അതേസമയം, ബാഹ്യസമ്മര്‍ദങ്ങളുണ്ടായിട്ടും വഴങ്ങാതെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം പിടിച്ചെടുത്തതിന്‍െറ അഭിമാനത്തിലാണ് സി.പി.എം നേതൃത്വം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.