കോഴിക്കോട്: ഒന്നരമാസത്തെ അലച്ചില്‍, അതും കൊടുംചൂടില്‍. ഒരു പ്രചാരണകേന്ദ്രത്തില്‍നിന്ന് മറ്റൊരിടത്തേക്ക് രാപ്പകലില്ലാതെ ഓട്ടം. നഗരമെന്നോ ഗ്രാമമെന്നോ കാടെന്നോ മലയെന്നോ വ്യത്യാസമില്ലാത്ത കറക്കം. ഒടുവില്‍ തിങ്കളാഴ്ച ശുഭപര്യവസാനം. വ്യാഴാഴ്ചവരെ വോട്ട് പെട്ടിയില്‍ വിശ്രമിക്കും, ഒപ്പം ജില്ലയിലെ സ്ഥാനാര്‍ഥികളും. അക്ഷരാര്‍ഥത്തില്‍ ചൊവ്വാഴ്ചയും സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതല്‍ മേയ് 16ന് ബൂത്തിലത്തെിയ നാള്‍വരെ നേരെ ചൊവ്വേ ഒന്നുറങ്ങാന്‍ പോലും സമയംകിട്ടാത്ത പലരും ചൊവ്വാഴ്ച കൂടുതല്‍സമയം വീട്ടില്‍ ചെലവഴിച്ചതാണ് ഏക ആശ്വാസം. ലക്ഷ്യം മറ്റൊന്നുമല്ല, നന്നായൊന്ന് ഉറങ്ങണം. പ്രചാരണ കാലത്തെപ്പോലെ കടുത്ത ചൂടും വെയിലുമില്ല, കാലാവസ്ഥയും അനുകൂലം. പൊതുപ്രവര്‍ത്തകരായതുകൊണ്ട് തെരഞ്ഞെടുപ്പ് പിറ്റേന്നും നാട്ടുകാര്‍ക്കായി ഓടേണ്ടിവന്നു പലര്‍ക്കും. ഒപ്പം കുടുംബത്തിനുവേണ്ടി കുറച്ചധികം സമയം മാറ്റിവെച്ചവരുമുണ്ട്. പ്രചാരണച്ചൂടു കൂടിയ കാലങ്ങളില്‍ നാലും അഞ്ചും മണിക്കൂര്‍ മാത്രമായിരുന്നു വിശ്രമം. രാവിലെ ആറിനും ഏഴിനും വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ രാത്രി 10ഉം 11ഉം ആവും തിരിച്ചത്തൊന്‍. ഇതിനിടയില്‍ ഭക്ഷണവും വിശ്രമവുമെല്ലാം കണക്കായിരുന്നു. ഇങ്ങനെ നഷ്ടപ്പെട്ട ഉറക്കവും ഊര്‍ജവും രണ്ടു ദിവസംകൊണ്ട് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. അതിനിടയിലും കല്യാണം, മരണം, രോഗിസന്ദര്‍ശനം തുടങ്ങി ചെറിയ തിരക്കുകളൊക്കെയുണ്ട്. ഒപ്പം ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പു വിശകലനങ്ങളിലും പങ്കെടുക്കണം. കോഴിക്കോട് നോര്‍ത്തിലെ എ. പ്രദീപ്കുമാറിന് തെരഞ്ഞെടുപ്പു പിറ്റേന്നും കാര്യമായ ഒഴിവൊന്നുമില്ല. രാവിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തേടിയത്തെി. ഒപ്പം രണ്ട് മരണവീടുകളും സന്ദര്‍ശിക്കേണ്ടിവന്നു. വൈകുന്നേരം വയനാട്ടിലേക്കൊരു യാത്ര. എങ്കിലും കഴിഞ്ഞ നാളുകളേക്കാള്‍ ഒരല്‍പം കൂടുതല്‍ സമയം വീട്ടില്‍ കിട്ടിയെന്ന് അദ്ദേഹം സമ്മതിക്കുന്നു. സൗത്തിലെ മന്ത്രി ഡോ. എം.കെ. മുനീറും ഒരല്‍പം കൂടുതല്‍ സമയം വീട്ടില്‍കിട്ടി. കല്യാണവും രോഗിസന്ദര്‍ശനവുമായി പ്രാദേശികമായി ചൊവ്വാഴ്ചയും സജീവമായിരുന്നു അദ്ദേഹം. കഴിഞ്ഞ നാളുകളിലേതിനേക്കാള്‍ വിശ്രമത്തിനു സമയംകിട്ടിയതിന്‍െറ സന്തോഷത്തിലാണ് വടകരയുടെ സി.കെ. നാണു. വോട്ടിങ് തിരക്കുകള്‍കഴിഞ്ഞ് സുഹൃത്തിന്‍െറ ഹോട്ടലില്‍ റൂമെടുത്ത് ഉറങ്ങിയ അദ്ദേഹം ചൊവ്വാഴ്ച ഉച്ചക്കാണ് പിന്നീട് പൊതുരംഗത്തേക്കിറങ്ങിയത്. ഏറെനാള്‍ വെയിലുംകൊണ്ട് അലഞ്ഞതിനുശേഷം രണ്ടുദിവസം വിശ്രമം അനിവാര്യമാണെന്ന് ഇദ്ദേഹം പറയുന്നു. കുറ്റ്യാടിയിലെ കെ.കെ. ലതികക്ക് തെരഞ്ഞെടുപ്പു പിറ്റേന്ന് മരണവീട്, ആശുപത്രി, കല്യാണവീട് സന്ദര്‍ശനങ്ങളുമായി ഏറെക്കാര്യങ്ങളുണ്ടായിരുന്നു ചെയ്തുതീര്‍ക്കാന്‍. പ്രചാരണം ചൂടേറിയ കാലത്ത് ഡെന്‍റിസ്റ്റായ മരുമകള്‍ ശില്‍പയായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. ഭക്ഷണവും വിശ്രമവുമെല്ലാം താളം തെറ്റിത്തന്നെ. വോട്ടെടുപ്പിന്‍െറ തലേന്നായാലും പിറ്റേന്നായാലും പൊതുപ്രവര്‍ത്തകര്‍ക്ക് തിരക്കുതന്നെയാണെന്ന് ബാലുശ്ശേരിയുടെ പുരുഷന്‍ കടലുണ്ടി പറയുന്നു. കല്യാണവും മരണവീടുകളുമായി തിരക്കിലാണ് ഇദ്ദേഹം. എങ്കിലും ഒരുപാടുനാളത്തെ അലച്ചിലിനുശേഷം കുറെയധികം സമയം വീട്ടില്‍നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. എലത്തൂരിലെ എ.കെ. ശശീന്ദ്രനും ബുത്ത് സന്ദര്‍ശനവും മരണവീടുകളില്‍ സന്ദര്‍ശനവുമായി സജീവമായിരുന്നു ചൊവ്വാഴ്ച. പേരാമ്പ്രയിലെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ചൊവ്വാഴ്ചയും തിരക്കിന്‍െറ ദിനമായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണന്‍ ചൊവ്വാഴ്ച 10ന് വീട്ടില്‍നിന്നിറങ്ങി പേരാമ്പ്രയിലെ പാര്‍ട്ടി ഓഫിസിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും എത്തി വോട്ടെടുപ്പ് വിലയിരുത്തി. പിന്നീട് മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശിച്ചു. രോഗികളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. മുഹമ്മദ് ഇക്ബാലും രാവിലെതന്നെ വീട്ടില്‍നിന്നിറങ്ങി പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് വിശേഷം പങ്കുവെച്ചു. പിന്നീട് പല ഭാഗങ്ങളിലുമുള്ള മരണവീടുകളും പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.