ബംഗളൂരുവിലെ കാമ്പസില്‍ ബൈക്കിടിച്ച് മരിച്ച നിലീനക്ക് നീതി ഉറപ്പാക്കണം –ആക്ഷന്‍ സമിതി

കോഴിക്കോട്: ബംഗളൂരുവിലെ തുമകൂരുവില്‍ ശ്രീസിദ്ധാര്‍ഥ ഡെന്‍റല്‍ കോളജില്‍ രണ്ടാംവര്‍ഷ എം.ഡി.എസ് വിദ്യാര്‍ഥിനി പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രന്‍ കാമ്പസില്‍ ബൈക്കിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ നീതിപൂര്‍വം അന്വേഷണം നടത്തണമെന്ന് പിതാവ് കെ.കെ. ചന്ദ്രനും ആക്ഷന്‍ സമിതി ജോയിന്‍റ് കണ്‍വീനര്‍ അഡ്വ. ജലീല്‍ ഓണത്തും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈക്കോടിച്ച ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി തോട്ടാ മോനിഷ് കുമാര്‍ ഉന്നതസ്വാധീനങ്ങള്‍ ഉപയോഗിച്ച് കേസന്വേഷണം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. യഥാര്‍ഥ പ്രതിയായ ഇയാള്‍ക്കുപകരം ബൈക്കില്‍ കൂടെയുണ്ടായിരുന്ന അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ബാലുസനി നാഗേഷിനെയാണ് പ്രതി ചേര്‍ത്തത്. മാര്‍ച്ച് 23ന് ഹോളിദിനത്തില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിലീനക്ക് കാമ്പസിലെ മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് മതിയായ പ്രഥമ ശുശ്രൂഷപോലും നല്‍കിയില്ല. ആംബുലന്‍സുപോലും ഏര്‍പ്പെടുത്താതെ സ്വകാര്യ വാഹനത്തില്‍ 70 കിലോമീറ്റര്‍ അകലെയുള്ള യശ്വന്ത്പൂരിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ 23 ദിവസം കിടന്ന പെണ്‍കുട്ടി ഏപ്രില്‍ 14ന് മരണപ്പെട്ടു. കാമ്പസിനകത്ത് നടന്ന അപകടമായിട്ടുപോലും കോളജധികൃതരോ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോ സംഭവത്തെക്കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തില്ളെന്നത് ദുരൂഹതയുണര്‍ത്തുന്നതായി സമിതി ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ ജൂനിയര്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ് തുമകൂരു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് മോനിഷ് കുമാറിന്‍െറ പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുകയോ, നിലീനയുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. എം.എസ്. രാമയ്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതി കാണിക്കവെ പോലും നിലീനയുടെ അവയവദാനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു അധികൃതരുടെ സമീപനം. മറ്റൊരു ടെസ്റ്റ് നടത്താനുള്ള സമ്മതപത്രത്തിന്‍െറ പേരില്‍ അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങി. പരാതികളിലൊന്നും തുടര്‍നടപടിയുണ്ടായില്ളെങ്കില്‍ കര്‍ണാടക ഹൈകോടതിയെ സമീപിക്കുമെന്ന് ഇരുവരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.