ചൂട്: ട്യൂഷന്‍–കോച്ചിങ് സെന്‍ററുകള്‍ അടച്ചിടാന്‍ ഉത്തരവ്

കോഴിക്കോട്: ചുട്ടുപൊള്ളുന്ന വേനല്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍, കോച്ചിങ് സെന്‍ററുകളുള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേയ് എട്ടുവരെ നിര്‍ബന്ധമായും അടച്ചിടണമെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് ഉത്തരവിട്ടു. കൊടുംചൂട് അവഗണിച്ചും ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ ട്യൂഷന്‍, പരിശീലന കേന്ദ്രങ്ങളിലും ക്ളാസുകള്‍ നടത്തുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍ബന്ധിത അവധിക്ക് ഉത്തരവിട്ടത്. ആസ്ബസ്റ്റോസ് ഷീറ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ കുരുന്നുകളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇംഗ്ളീഷ് മീഡിയം സ്കൂളുകളും വെക്കേഷന്‍ ക്ളാസുകളും പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളുകള്‍ വേനലവധിക്ക് അടച്ചയുടന്‍ ക്രാഷ് കോഴ്സുള്‍പ്പടെയുള്ള പരിശീലനക്ളാസ് നല്‍കുന്ന എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കേണ്ടത്. സ്പെഷല്‍ ക്ളാസുകളോ, ട്യൂഷന്‍ ക്ളാസുകളോ സംഘടിപ്പിക്കാന്‍ പാടില്ളെന്നും, നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്ചയാണ് ഉത്തരവ് പ്രാബല്യത്തില്‍വന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്സിറ്റി പരീക്ഷയെഴുതുന്നവര്‍ക്കും അവധി ബാധകമല്ല. ദുരന്തനിവാരണ നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. മേയ് എട്ടിനുശേഷം അന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ ഉത്തരവ് നല്‍കും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 0495-2371400 നമ്പറില്‍ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.