നഴ്സുമാരുടെ സമരം 36 ദിവസം പിന്നിട്ടു

ഉള്ള്യേരി: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് നഴ്സുമാര്‍ നടത്തിവരുന്ന സമരം 36 ദിവസം പിന്നിട്ടു. പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ യു.എന്‍.എ.യും, സസ്പെന്‍ഡ് ചെയ്ത യൂനിയന്‍ നേതാവിനെ തിരിച്ചെടുക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ മാനേജ്മെന്‍റും ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ പ്രശ്നപരിഹാരത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കും. ജില്ലാ ലേബര്‍ ഓഫിസര്‍, ഡി.എം.ഒ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. തിങ്കളാഴ്ച സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ കൊടിനാട്ടി. വ്യാഴാഴ്ച ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ചും വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരവും തീരുമാനിച്ച സാഹചര്യത്തില്‍ സമരം ശക്തമാവുകയാണ്. യൂനിഫോം ധരിക്കാത്തതിന്‍െറ പേരില്‍ രണ്ടു നഴ്സുമാരെ പുറത്താക്കിയത് അന്വേഷിക്കാന്‍ ചെന്ന യു.എന്‍.എ യൂനിറ്റ് പ്രസിഡന്‍റ് ശ്രീമേഷ് കുമാറിനെ ആശുപത്രി സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറിയെന്നതിന്‍െറ പേരില്‍ സസ്പെന്‍ഡ് ചെയ്തതാണ് സമരത്തിനു തുടക്കം. ശ്രീമേഷിനെതിരെ സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ മുഖേനയും അല്ലാതെയും ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. സമരം അനിശ്ചിതമായി നീണ്ടതോടെ പുതിയ നഴ്സുമാരെ മാനേജ്മെന്‍റ് ജോലിക്കെടുക്കുകയും ചെയ്തു. ആശുപത്രിയിലെ ട്രേഡ് യൂനിയനുകളും ജീവനക്കാരും സമരത്തിനെതിരാണ്. ഇവര്‍ മാനേജ്മെന്‍റിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് പ്രകടനവും യോഗവും നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സമരത്തില്‍ ഇടപെടാന്‍ മടിച്ചുനിന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണ അര്‍പ്പിച്ചത്തെിയതോടെയാണ് രംഗത്തുവന്നത്. സസ്പെന്‍ഷന്‍ പ്രശ്നത്തിന് പുറമെ നീണ്ടനാളായി നഴ്സുമാരും മാനേജ്മെന്‍റും തമ്മില്‍ നിലനില്‍ക്കുന്ന വേതനത്തെയും മറ്റു ആനുകൂല്യങ്ങളെയും സംബന്ധിച്ച വിഷയങ്ങളും സമരത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍, സംഘടനാപ്രവര്‍ത്തനവുമായി നടക്കുന്ന നേതാവിനെ തിരിച്ചെടുക്കാന്‍ കഴിയില്ളെന്ന ഉറച്ച നിലപാടിലാണ് മാനേജ്മെന്‍റ്. മാത്രവുമല്ല നോട്ടീസ് നല്‍കി മിനിറ്റുകള്‍ക്കകം സമരത്തിനിറങ്ങിയ നഴ്സുമാര്‍ ധിക്കാരമാണ് കാണിച്ചതെന്നും രോഗികളുടെ ജീവന്‍വെച്ചു വിലപേശുകയാണ് ഇവര്‍ ചെയ്തതെന്നും മാനേജ്മെന്‍റ് ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT