കൊടുവള്ളി പ്രചാരണ ചൂടില്‍

കൊടുവള്ളി: ശ്രദ്ധേയമായ മത്സരത്തിന് വഴിയൊരുങ്ങിയ കൊടുവള്ളി പ്രചാരണ ചൂടില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ എം.എ. റസാഖും, സ്വതന്ത്ര സ്ഥാനാര്‍ഥി ലീഗ് വിമത നേതാവ് കാരാട്ട് റസാഖും തമ്മിലാണ് പ്രധാന മത്സരം. കാരാട്ട് റസാഖിനെ സ്ഥാനാര്‍ഥിയാക്കിയുള്ള ഒൗദ്യോഗിക പ്രഖ്യാപനം 20ന് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിനുശേഷമാവും എല്‍.ഡി.എഫിന്‍െറ പ്രചാരണ രംഗം സജീവമാവുക. വെള്ളിയാഴ്ച നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയതായാണ് വിവരം. ആദ്യം ബൂത്ത് തല കണ്‍വെന്‍ഷനുകളാണ് നടത്തുക. രണ്ടാംഘട്ടത്തില്‍ പഞ്ചായത്ത്, നഗരസഭ തല കണ്‍വെന്‍ഷനുകളും ചേരും. ഏപ്രില്‍ പകുതിയിലാണ് വിപുലമായി മണ്ഡലം കണ്‍വെന്‍ഷനും റാലിയും നടക്കുക. ഇതോടൊപ്പം വാര്‍ഡ് ബൂത്ത് തലങ്ങളില്‍ കുടുംബസംഗമവും നടത്തും. ലീഗ് വിട്ടവരുടെയും അസംതൃപ്തരുടെയും കാരാട്ട് റസാഖിനെ അനുകൂലിക്കുന്നവരുടെയും ഒരു സംഗമം കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ചേരുകയുണ്ടായി. ഇതില്‍ 200ഓളം പേര്‍ പങ്കെടുക്കുകയുണ്ടായി. പരിപാടി കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവായിരുന്ന മുഹമ്മദ് കുട്ടി മോന്‍ പങ്കെടുത്തു. അതേസമയം, യു.ഡി.എഫ് ഒരുമുഴം മുമ്പേയാണ് പ്രചാരണത്തില്‍. ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായിരുന്നു വെള്ളിയാഴ്ച നടന്ന മണ്ഡലം കണ്‍വെന്‍ഷനും റാലിയും. ഞായറാഴ്ച മുതല്‍ പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ നടക്കും. വാര്‍ഡ്, ഡിവിഷന്‍ കേന്ദ്രങ്ങളില്‍ കുടുംബസംഗമം പരിപാടികള്‍ ഇപ്പോള്‍ നടന്നുവരുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി അഡ്വ. പി.കെ. സക്കരിയ്യയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. ബി.ജെ.പിയും എസ്.ഡി.പി.ഐയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.