തിരുവമ്പാടി: കത്തുന്ന വേനലില്‍ മലയോരം കടുത്ത വരള്‍ച്ചയിലേക്ക്. ഇരുവഴിഞ്ഞിപ്പുഴയും ചാലിപ്പുഴയും വറ്റിവരണ്ടതോടെ കിണറുകളും വറ്റിത്തുടങ്ങി. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമങ്ങളിലും കോളനികളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. മേഖലയില്‍ കാര്യമായ വേനല്‍മഴയും ഇക്കുറി ലഭിച്ചിട്ടില്ല. ജല അതോറിറ്റി, ജലനിധി കുടിവെള്ള വിതരണ പദ്ധതികളുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് അല്‍പം ആശ്വാസം. പുഴകളില്‍ ശേഷിക്കുന്ന നീരൊഴുക്ക് മലിനപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന് പരാതിയുണ്ട്. പുഴകളില്‍ നഞ്ച് കലക്കി മീന്‍പിടിക്കുന്നതും മോട്ടോര്‍ ഉപയോഗിച്ചുള്ള ജലസേചനവും തടയണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പുഴകളിലെ മണല്‍ വാരല്‍ തുടരുന്നത് വരള്‍ച്ച രൂക്ഷമാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുഴകളില്‍ തടയണകള്‍ നിര്‍മിക്കുന്നത് വരള്‍ച്ചയുടെ കാഠിന്യംകുറക്കും. എന്നാല്‍, നാമമാത്രമായാണ് തടയണ നിര്‍മാണവും നടക്കുന്നത്. കോടഞ്ചേരി മുറമ്പാത്തി ചാലിപ്പുഴയില്‍ ജലസേചന വകുപ്പ് നിര്‍മിക്കുന്ന തടയണ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ 98 ലക്ഷം രൂപ ചെലവഴിച്ചാണ് 13 മീറ്റര്‍ വീതിയില്‍ തടയണ നിര്‍മിക്കുന്നത്. വയലുകളും നീര്‍ത്തടങ്ങളും ജലാശയങ്ങളും മണ്ണിട്ട് നികത്തിയതാണ് വേനല്‍ ദുരിതപൂര്‍ണമാക്കുന്നത്. ചെറിയ കുന്നുകള്‍ പോലും ഇടിച്ചുനിരത്തുന്നത് ഭൂഗര്‍ഭ ജലവിതാനം താഴുന്നതിന് പ്രധാനകാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.