ലൈറ്റ് മെട്രോക്ക് തുടക്കം ; പ്രാരംഭപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്ന് വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോടിന്‍െറ ഗതാഗതസ്വപ്നം ഏറ്റവുംവേഗത്തില്‍ സാധ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് ഒരുദിവസം മുമ്പായാല്‍ അത്രയുംനല്ലതെന്ന് കരുതിയാണ് ഉദ്ഘാടനം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാഗോര്‍ സെന്‍റിനറി ഹാളില്‍ കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത് കേന്ദ്ര സര്‍ക്കാറിന്‍െറ അന്തിമാനുമതി ലഭിക്കുന്നതിന് മുമ്പായിരുന്നു. കോഴിക്കോട് ലൈറ്റ് മെട്രോക്കും ഇതേ മാതൃകയാണ് സ്വീകരിച്ചത്. പന്നിയങ്കര റെയില്‍വേ മേല്‍പാലം നിര്‍മാണം ലൈറ്റ് മെട്രോയുടെ പ്രാരംഭജോലിയായി നടക്കുന്നതാണ്. ശേഷിക്കുന്ന അനുബന്ധ ജോലികളുമായി മുന്നോട്ടുപോകും. കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി കിട്ടുന്നതുവരെ അനുബന്ധ പ്രവൃത്തി നടത്താതിരുന്നാല്‍ പദ്ധതിവൈകും. സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പലരും പറയുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോക്ക് ആവശ്യമായ ഭൂമിയില്‍ 8.2 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈമാറിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച ഇറങ്ങിയതായി അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോയുടെ 25 ശതമാനം പ്രാരംഭജോലികളും നിര്‍വഹിച്ചശേഷമാണ് ഇപ്പോള്‍ ഉദ്ഘാടനം നടക്കുന്നത്. പന്നിയങ്കര മേല്‍പാലം ജൂണ്‍ അവസാനത്തോടെ ഗതാഗതത്തിന് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയോടൊപ്പം മീഞ്ചന്ത മുതല്‍ മാനാഞ്ചിറ വരെ മെട്രോക്ക് ഇരുവശങ്ങളിലും റോഡ് വീതികൂട്ടാന്‍ 200 കോടിയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. പദ്ധതിക്ക് പ്രതീക്ഷിക്കുന്ന 2500 കോടിയുടെ 85 ശതമാനവും 0.3 ശതമാനം പലിശ നിരക്കില്‍ ജൈക്ക വായ്പ ലഭ്യമാക്കുമെന്ന് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ഇതോടെ മൊത്തം ചെലവിന്‍െറ 7.5 ശതമാനം വീതം മാത്രമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കേണ്ടതുള്ളൂ. ലൈറ്റ് മെട്രോക്കുള്ള ഭൂമിയുടെ സര്‍വേ ആരംഭിച്ചു. ഏറ്റെടുക്കല്‍ നടപടി മൂന്നുമാസത്തിനകം പൂര്‍ത്തിയാകും. മെഡിക്കല്‍ കോളജില്‍ നിന്ന് മാനാഞ്ചിറ വരെയുള്ള മെട്രോ മൂന്ന് വര്‍ഷം കൊണ്ടും മീഞ്ചന്ത വരെ നാലുവര്‍ഷംകൊണ്ടും തീര്‍ക്കാനാവുവെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, കെ.ആര്‍.ടി.എല്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷേക്ക്പരീത്, എന്‍.സി. അബൂബക്കര്‍, കെ.സി. അബു, ടി. സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.