ലൈറ്റ് മെട്രോ പ്രാരംഭ പ്രവര്‍ത്തനോദ്ഘാടന വേദി: ചര്‍ച്ചയായത് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം

കോഴിക്കോട്: കലക്ടറുടെ ഫേസ്ബുക് മറുപടിയോടെ വീണ്ടും വിവാദമായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസന പ്രവൃത്തിയെക്കുറിച്ചുള്ള വിശദീകരണവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിയും. ടാഗോര്‍ സെന്‍റിനറി ഹാളിലെ കോഴിക്കോട് ലൈറ്റ് മെട്രോ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മുഴുവന്‍ ചര്‍ച്ചയായത് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനമാണ്. സര്‍ക്കാര്‍, പദ്ധതി നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കുമ്പോഴും ജില്ലാ ഭരണകൂടത്തിന്‍െറ അനങ്ങപ്പാറ നയത്തില്‍ ജനങ്ങള്‍ ആശങ്കാകുലരായിരുന്നു. എന്താണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്തന്നറിയാതെ സംശയത്തിലായ ജനങ്ങളുടെ ആശങ്ക അകറ്റുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍. ഇക്കാര്യത്തില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്ന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ആദ്യം പ്രതികരിച്ചത്. നിലവില്‍ 35 കോടി സ്ഥലമേറ്റെടുക്കാന്‍ നല്‍കിയിട്ടുണ്ടെന്നും പി.ഡബ്ള്യു.ഡി. സ്ഥലം നേരിട്ട് വാങ്ങുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് ഡയറക്ട് പര്‍ച്ചേസ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കൂടാതെ സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനുള്ള നാലുകോടിയും നല്‍കിയിട്ടുണ്ട്. മതില്‍ നിര്‍മിക്കാനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സിനെ ഏല്‍പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് ലൈറ്റ് മെട്രോ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രിയും മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്‍െറ കാര്യം വ്യക്തമാക്കി. നീണ്ടനാളായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് മാനാഞ്ചിറ- വെള്ളിമാടുകുന്ന്് റോഡ് വികസനം. അതിനാലാണ് ഇത്തവണ ഈ റോഡ് വികസനം ഫ്ളാഗ്ഷിപ് പദ്ധതിയില്‍ ഉള്‍പെടുത്തിയത്. നടപടി വേഗത്തിലാക്കാന്‍ പ്രസ്തുത റോഡ് വികസനത്തിന്‍െറ നിരീക്ഷകനായി തന്‍െറ മുഖ്യഉപദേഷ്ടാവായ ജിജി തോംസണനെ ചുമതലപ്പെടുത്തിയെന്നും ഇതുസംബന്ധിച്ച ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ അഭിമാനപദ്ധതിയാണിതെന്നും അതിന് ആരും എതിരല്ളെന്നും മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പ്രത്യേക 20 പദ്ധതികളില്‍ ഉള്‍പെടുത്തിയതിനാല്‍ ഈ റോഡ് വികസനത്തിന് ഫണ്ട് തടസ്സമാകില്ല. ആവശ്യമായ ഫണ്ട് ഉണ്ടെന്നും ജിജി തോംസണിനെ നിരീക്ഷകനാക്കുന്നതോടെ പദ്ധതി കൂടുതല്‍ വേഗത്തിലാകുമെന്നും ആരെങ്കിലും എതിരുനിന്നാല്‍ അവരെ നിശ്ശബ്ദമാക്കേണ്ടത് തങ്ങളുടെകൂടി ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ‘ദേവന്‍ പ്രസാദിച്ചാലും പൂജാരി പ്രസാദിക്കാത്ത‘ അവസ്ഥയാണ് റോഡിന്‍െറ കാര്യത്തിലെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ബാങ്കില്‍ പണമുണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെകൂടി സഹകരണം വേണം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ ജില്ലാ കലക്ടറുടെ അസാന്നിധ്യവും സംസാരമായിരുന്നു. അടിയന്തര നടപടിക്കായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. കലക്ടറുടെ ഫേസ്ബുക് മറുപടിയും തുടര്‍ന്നുള്ള വിവാദവുമാണ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും പരസ്യ പ്രതികരണങ്ങളിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളോടെ അനിശ്ചിതത്ത്വത്തിലായ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം യഥാര്‍ഥ്യമാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.