ഓപറേഷന്‍ സവാരിഗിരിഗിരി: നടപടികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഗമവുമായ ബസ് യാത്രക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ബസ് ഓപറേറ്റേഴ്സ് സംഘടനകളും ചേര്‍ന്ന് നടപ്പാക്കുന്ന ‘ഓപറേഷന്‍ സവാരിഗിരിഗിരി’ പദ്ധതിയുടെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഇതിന്‍െറ ഭാഗമായി ജില്ലയിലെ 220 സ്കൂളുകളിലെ 38,000 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥിയുടെ പേരും സ്കൂളിന്‍െറ പേരും രേഖപ്പെടുത്തിയ കാര്‍ഡാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗപ്പെടുത്തി ടിക്കറ്റ് ലഭ്യമാക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജില്ലയിലെ 350ഓളം സ്കൂളുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് രജിസ്ട്രേഷന്‍ ഫോമുകള്‍ നേരത്തേ വിതരണം ചെയ്തിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ കൈവശമുള്ള സ്കൂളുകള്‍ 8606126126, 8606136136 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് സ്മാര്‍ട്ട് കാര്‍ഡുകള്‍ കൈപ്പറ്റണം. സ്മാര്‍ട്ട് കാര്‍ഡുമായി ബസില്‍ കയറുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റ് മെഷീന്‍ വഴിയാണ് ടിക്കറ്റ് നല്‍കുക. ഇവ ഉപയോഗിക്കുന്നതിന് 300ഓളം ബസ് കണ്ടക്ടര്‍മാര്‍ക്ക് ഇതിനകം പരിശീലനവും നല്‍കി. സ്മാര്‍ട്ട്കാര്‍ഡ് മെഷീന്‍ ലഭിച്ചിട്ടില്ലാത്ത എല്ലാ ബസ് ഉടമകളും 9961985403 (സുരേഷ് ബാബു), 9745204867 (രാധാകൃഷ്ണന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.