ചെറുവണ്ണൂരില്‍ ഐസ്സ്റ്റിക് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

ഫറോക്ക്: ചെറുവണ്ണൂര്‍ ബി.സി റോഡിലെ മധുരബസാറില്‍ ഐസ്സ്റ്റിക് നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. ബി.സി റോഡിലെ മധുരബസാറില്‍ പ്രവര്‍ത്തിക്കുന്ന പാരഡൈസ് ഇന്‍ഡസ്ട്രീസിലാണ് വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ തീപിടിത്തമുണ്ടായത്. നിര്‍മിച്ചുവെച്ചിരുന്ന സ്റ്റിക്കുകളുടെ വന്‍ ശേഖരവും നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങളും അഗ്നിക്കിരയായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നോര്‍ത് ബേപ്പൂര്‍ സ്വദേശിയായ സി.പി. സന്തോഷ്കുമാറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഐസ്, ഐസ്ക്രീം നിര്‍മാണത്തിനുപയോഗിക്കുന്ന മരത്തിന്‍െറ സ്റ്റിക്കുകളും കൊള്ളികളും ഉണ്ടാക്കുന്ന കമ്പനിയാണ് പാരഡൈസ് ഇന്‍ഡസ്ട്രീസ്. സ്റ്റിക് നിര്‍മാണത്തിനായി ഡ്രയറിലിട്ടിരുന്ന മരച്ചീളുകള്‍ അമിതമായി ചൂടാവുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ചൂടാക്കാനുപയോഗിക്കുന്ന ഡ്രൈയിങ് ചേംബറിലാണ് തീ ആദ്യം കണ്ടത്. സ്റ്റീമര്‍, വുഡ്പീലര്‍, കട്ടിങ് മെഷീന്‍ തുടങ്ങിയവയും കത്തിനശിച്ചവയില്‍പെടുന്നു. ദക്ഷിണേന്ത്യയിലെ വിവിധ കമ്പനികളിലേക്ക് ഐസ്ക്രീം സ്റ്റിക്കുകള്‍ നിര്‍മിച്ചുനല്‍കുന്ന കമ്പനിയാണിത്. അപകടത്തില്‍ കമ്പനിയുടെ മേല്‍ക്കൂരയും മറ്റു നിര്‍മാണവസ്തുക്കളും പൂര്‍ണമായും കത്തിനശിച്ചു. വിലപിടിപ്പുള്ള യന്ത്രങ്ങളും ലക്ഷങ്ങള്‍ വിലയുള്ള, നിര്‍മാണം പൂര്‍ത്തീകരിച്ച് കമ്പനികളിലേക്ക് അയക്കാനുള്ള ചരക്കുകളുമടങ്ങിയ പാക്കറ്റുകളും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് മീഞ്ചന്ത ഫയര്‍ യൂനിറ്റില്‍നിന്ന് പാനോത്ത് അജിത്ത് കുമാറിന്‍െറ നേതൃത്വത്തിലുള്ള അഞ്ച് യൂനിറ്റുകളും 35ഓളം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമത്തെിയാണ് തീയണക്കാന്‍ ശ്രമമാരംഭിച്ചത്. നാലുമണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി 10.45ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്. ബീച്ച് ഫയര്‍ഫോഴ്സില്‍നിന്ന് ഒരു യൂനിറ്റുമത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.