കോഴിക്കോട്: മിഠായിത്തെരുവില്‍ വീണ്ടും ദുരൂഹതയുടെ തീ പുകയുന്നു. ദിവസവും ആയിരക്കണക്കിന് ആളുകള്‍ വന്നുപോവുകയും കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുകയും ചെയ്യുന്ന തെരുവില്‍നിന്ന് ഏത് നിമിഷവും തീപിടിത്തത്തിന്‍െറ വാര്‍ത്ത കേള്‍ക്കാമെന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. എട്ട് പേര്‍ മരിക്കുകയും 80 കടകള്‍ കത്തിനശിക്കുകയും ചെയ്ത 2007ലെ തീപിടിത്തത്തിന് പിന്നാലെ സമാനമായ അഗ്നിബാധകള്‍ അടുത്ത വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു. അതിലൊന്നും ആളപായമുണ്ടാവാതിരുന്നത് സംഭവം രാത്രിയായതിനാല്‍ മാത്രം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മിക്ക ദുരന്തങ്ങള്‍ക്കും പിന്നിലെന്നാണ് പറയപ്പെടാറുള്ളത്. പക്ഷേ, ഇത് പതിവ് കാരണമാവുന്നത് എങ്ങനെയാണെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ദുരന്തങ്ങളെ തുടര്‍ന്നുണ്ടാവുന്ന അന്വേഷണങ്ങള്‍ എവിടെയുമത്തൊറില്ളെന്നത് വാസ്തവം.1995 ഫെബ്രുവരി ഏഴിനായിരുന്നു തെരുവിനെ നടുക്കിയ അഗ്നിതാണ്ഡവം. അന്നത്തെ പ്രമുഖ തുണിക്കട ചെറിയ പെരുന്നാളിന് തൊട്ടുമുമ്പ് ചാമ്പലായി. ഇതോടനുബന്ധിച്ച പതിനെട്ടുകടകള്‍ തീയെടുത്തു. ഏറെ ദുരൂഹത ആരോപിക്കപ്പെട്ട സംഭവമായിരുന്നു അത്. പിന്നെ 2007ല്‍ വിഷു വിളിപ്പാടകലെ നില്‍ക്കെ ദുരന്തം പടക്കക്കടയില്‍നിന്ന് പൊട്ടിത്തെറിച്ചു. അന്ന് വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ കത്തിയെരിഞ്ഞ സംഭവത്തില്‍നിന്ന് സര്‍ക്കാറോ വ്യാപാരികളോ പാഠം പഠിക്കാന്‍ തയാറായില്ല. ആകെ ചെയ്തത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന മന്ത്രി മുനീര്‍ മിഠായിത്തെരുവ് പൈതൃകപദ്ധതി പ്രഖ്യാപിച്ചത് മാത്രമാണ്. 2010 ഡിസംബര്‍ ഒമ്പതിന് എട്ട് കടകള്‍ കത്തിനശിച്ച തീപിടിത്തത്തില്‍ രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. സംഭവം നടന്ന കടകള്‍ക്ക് പിന്നിലെ കോടികള്‍ വിലമതിച്ച ഭൂമിയിലേക്ക് വഴിയുണ്ടായി എന്നതുമാത്രമായിരുന്നു ആ ദുരന്തത്തിന്‍െറ ‘ലാഭം’. 2012ല്‍ പാളയത്ത് ഭാരത് ഹോട്ടലിലുണ്ടായ തീപിടിത്തം മൊയ്തീന്‍പള്ളിത്തെരുവിലേക്ക് പടര്‍ന്ന് നിരവധി കടകള്‍ കത്തിനശിച്ചു. കോടികളുടെ നഷ്ടം അന്നുമുണ്ടായി. അശാസ്ത്രീയവും അപകടകരവുമാണ് തെരുവിലെ വൈദ്യുതി വിതരണസമ്പ്രദായം. അടുപ്പ് കൂട്ടിയപോലെയുള്ള കച്ചവടത്തെരുവില്‍ വൈദ്യുതിലൈനുകള്‍ തലങ്ങും വിലങ്ങും തൂങ്ങിനില്‍ക്കുന്നു. വൈദ്യുതിപോസ്റ്റുകള്‍ കച്ചവടകേന്ദ്രങ്ങള്‍ക്ക് മുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്നു. ഇടവഴികളിലെ പീടികക്കൂടാരങ്ങള്‍ക്കിടയില്‍ ‘എന്‍ജിന്‍മുറി’ പോലെ വൈദ്യുതി മീറ്ററുകളും മെയിന്‍സ്വിച്ചും. ഗ്യാസ് അടുപ്പുള്ള അടുക്കളകള്‍. തലങ്ങും വിലങ്ങും മാലിന്യക്കൂമ്പാരം. തീ പിടിച്ചാല്‍ ഓടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത ഇടവഴികളില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്നു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയില്ല. നാല് അടി വീതിയുള്ള ഇടവഴികളാണ് എങ്ങും. തെരുവിനുള്ളിലെ തെരുവുകളില്‍ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ്. പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇവയിലേറെയും. അതുകൊണ്ട് കത്തിത്തുടങ്ങുമ്പോഴേക്കും തീ ആകാശം മുട്ടും. മിഠായിത്തെരുവ് നവീകരണത്തിന് പല പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. വൈദ്യുതി വിതരണം ഭൂഗര്‍ഭ കേബ്ളുകള്‍ മുഖേനയാക്കിയും വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ സൗകര്യം മെച്ചപ്പെടുത്തിയും തീപിടിത്തം പോലുള്ള സംഭവങ്ങളെ നേരിടാന്‍ വെള്ളത്തിന്‍െറ സൗകര്യമൊരുക്കിയും തെരുവിനെ അപകടരഹിതമാക്കണമെന്നുമാണ് മിഠായിത്തെരു സംരക്ഷണസമിതി ആവശ്യപ്പെടുന്നത്. ഫുട്പാത്ത്, ഓവുചാല്‍ എന്നിവയുടെ അശാസ്ത്രീയത പരിഹരിക്കുന്നതിനോ ഈ മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനോ നടപടി എടുക്കുന്നതിനുപകരം വിനോദസഞ്ചാരത്തിന്‍െറ പേരില്‍ പൈതൃക പദ്ധതി നടപ്പാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.