കോഴിക്കോട്: കര്‍ണാടകയിലെ നഴ്സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനിയും ദലിത് വിദ്യാര്‍ഥിനിയുമായ അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അന്വേഷി വുമണ്‍സ് കൗണ്‍സലിങ് സെന്‍റര്‍ ആവശ്യപ്പെട്ടു. ടോയ്ലറ്റ് ലോഷന്‍ കുടിപ്പിച്ചത് സീനിയറായ മലയാളി വിദ്യാര്‍ഥിനികള്‍ തന്നെയാണെന്നത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അന്വേഷി പ്രസിഡന്‍റ് കെ. അജിത, സെക്രട്ടറി പി. ശ്രീജ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.അശ്വതിയുടെ ചികിത്സകഴിഞ്ഞാല്‍ തുടര്‍ന്ന് പഠിക്കാന്‍ കേരളത്തില്‍ അവസരമുണ്ടാക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേരള ദലിത് ഫെഡറേഷന്‍ നേതാക്കളായ ടി.പി. ഭാസ്കരന്‍, പി.ടി. ജനാര്‍ദനന്‍, എ. ഹരിദാസന്‍, ദേവദാസ് കുതിരാടം, കെ. പ്രസാദ് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റക്കാരായ വിദ്യാര്‍ഥിനികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധനനിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും സംഭവം ആത്മഹത്യാ ശ്രമമാക്കാന്‍ ശ്രമിക്കുന്ന കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. റാഗിങ് നടന്ന സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എം.കെ. രാഘവന്‍ എം.പി കത്തയച്ചു. കര്‍ണാടകയിലെ നഴ്സിങ് കോളജില്‍ റാഗിങ്ങിനിരയായ അശ്വതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സയിലാണെന്നും എം.പി കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ദരാമയ്യെയും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയെയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.