റാഗിങ്: ദലിത് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച വാര്‍ഡില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങ്ങിനിരയായ ദലിത് നഴ്സിങ് വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജ് 20ാം വാര്‍ഡില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും സുരക്ഷാജീവനക്കാര്‍ തടഞ്ഞു. പ്രധാന പ്രവേശകവാടത്തില്‍ സുരക്ഷാജീവനക്കാര്‍ രാവിലത്തെന്നെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. പൊലീസ് മൊഴി രേഖപ്പെടുത്താനത്തെിയപ്പോഴായിരുന്നു ഇത്. ഇതിനുമുമ്പ് അകത്തുകടന്ന ചിലര്‍ മാധ്യമപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ പുറത്താക്കി കവാടം അടക്കുകയായിരുന്നു. സൂപ്രണ്ടിന്‍െറ അനുമതിയുണ്ടെങ്കില്‍ മാത്രമേ അകത്തുകടത്തൂ എന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വിശദീകരണം. എന്നാല്‍, അനുമതിക്കായി സൂപ്രണ്ടിനെ കാണാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ളെന്നായിരുന്നു മറുപടി. സംഭവത്തിന്‍െറ വിശദാംശങ്ങളറിയാതെ വൈകീട്ട് നാലുവരെ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയുടെ പുറത്തുകാത്തുനിന്നു. നാലിന് സന്ദര്‍ശകസമയത്ത് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോഴും തടഞ്ഞു. വാര്‍ഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരെയും സെക്യൂരിറ്റി ജീവനക്കാര്‍ പുറത്താക്കി. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കയറ്റിവിടില്ളെന്നായിരുന്നു വാദം. സന്ദര്‍ശക സമയമാണെന്നു ചൂണ്ടിക്കാട്ടിയപ്പോഴും പറ്റില്ളെന്നായിരുന്നു മറുപടി. ഇക്കാര്യം പറഞ്ഞ് മാധ്യമപ്രവര്‍ത്തകരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാഗ്വാദമുണ്ടായി. മറ്റു രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. റാഗിങ്ങിനിരയായ പെണ്‍കുട്ടിയോടും ബന്ധുക്കളോടും സംസാരിക്കാനാണ് അകത്തേക്ക് കയറാന്‍ അനുമതി ആവശ്യപ്പെടുന്നതെന്ന് വിശദീകരിച്ചെങ്കിലും അവര്‍ എതിര്‍ത്തു. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റു സംഘടനാ പ്രവര്‍ത്തകര്‍ക്കും പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിന് വിലക്കൊന്നുമില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.