മുനിസിപ്പാലിറ്റി തലങ്ങളിലും വ്യാജമദ്യവിരുദ്ധ ജനകീയ കമ്മിറ്റി രൂപവത്കരിക്കും

കോഴിക്കോട്: പഞ്ചായത്ത്- നിയമസഭാ മണ്ഡലം- ജില്ലാതലങ്ങളില്‍ വ്യാജമദ്യ മയക്കുമരുന്ന് വിരുദ്ധ ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുന്ന മാതൃകയില്‍ മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ തലങ്ങളിലും യോഗങ്ങള്‍ ചേരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ് അറിയിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ മേയ് ആദ്യവാരം മുതല്‍ ജൂണ്‍ 20 വരെ 1122 വ്യാജമദ്യ-മയക്കുമരുന്ന് റെയ്ഡുകള്‍ നടത്തി 159 പേരെ അറസ്റ്റ് ചെയ്തു. 191 അബ്കാരി കേസുകളും 156 കോഡ്പാ കേസുകളും ചുമത്തി. 444 ലിറ്റര്‍ വിദേശമദ്യം, 37 ലിറ്റര്‍ ചാരായം, 312 ലിറ്റര്‍ മാഹി മദ്യം, 98 ലിറ്റര്‍ ഗോവ മദ്യം, 3990 ലിറ്റര്‍ വാഷ്, 12.65 കിലോഗ്രാം കഞ്ചാവ്, 20 ഗ്രാം കറുപ്പ്, 32 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. മദ്യവും മറ്റും കടത്താനുപയോഗിച്ച 23 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യത്തിന്‍െറ ഗുണനിലവാര പരിശോധനക്ക് ലൈസന്‍സുള്ള മദ്യശാലകളില്‍ 784 തവണ പരിശോധന നടത്തി. 297 സാമ്പിളുകള്‍ രാസപരിശോധനക്ക് അയച്ചു. വ്യാജമദ്യത്തിനെതിരെ ജനാഭിപ്രായം സ്വരൂപിക്കാന്‍ 63 പഞ്ചായത്തുകളില്‍ യോഗം നടത്തി. ബഹുജനസംഘടനകളുമായി സഹകരിച്ച് 44 ബോധവത്കരണ പരിപാടികള്‍ നടത്തി. ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യവണ്ടികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അഴിയൂര്‍ ചെക് പോസ്റ്റിലും ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തിവരുന്നുണ്ട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ബ്ളോക്-പഞ്ചായത്ത് തലങ്ങളിലും ഇത്തരം യോഗങ്ങള്‍ ചേരുക, മദ്യവിരുദ്ധ ബോധവത്കരണത്തിന് കുടുംബശ്രീയെ പ്രയോജനപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അസി. എക്സൈസ് കമീഷണര്‍ എം.എസ്. വിജയന്‍, വടകര ഡിവൈ.എസ്.പി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.