കോഴിക്കോട്: സ്ത്രീസുരക്ഷയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ രണ്ടുമാസത്തേക്ക് അനുവദിച്ച സി.സി ടി.വി കാമറകള്‍ സിറ്റി പൊലീസ് മോധാവിയുടെ കീഴില്‍ പുതുതായി രൂപവത്കരിച്ച ‘ഓപറേഷന്‍ ഇടിമിന്നല്‍’ എന്ന ഷാഡോ പൊലീസ് സംഘത്തിന് കൂടുതല്‍ സഹായകമാകും. വെള്ളിയാഴ്ച രാവിലെ റിട്ട. എസ്.പി സുഭാഷ് ബാബു പുതിയ കാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്ന കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഇതര സംസ്ഥാനക്കാരായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമൊരുക്കാന്‍ ആലോചിക്കുമെന്ന് സുഭാഷ് ബാബു പറഞ്ഞു. ബസ്സ്റ്റാഡില്‍നിന്ന് കൂടുതല്‍ ദൂരത്തെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന ഒമ്പത് കാമറകളാണ് സ്ഥാപിച്ചത്. ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുകൊണ്ട് സഹായമാകുമെന്ന് കസബ സി.ഐ പ്രമോദ് പറഞ്ഞു. സ്ത്രീകള്‍ പരാതി നല്‍കിയില്ളെങ്കില്‍പോലും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കാമറകള്‍ സഹായമാകും. ബൈക്ക് മോഷണ കേസുകള്‍, മയക്കുമരുന്ന് കേസുകള്‍, കവര്‍ച്ച കേസുകള്‍ തുടങ്ങി നിരവധി കേസുകളാണ് ദിവസവും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുമാസത്തേക്കാണ് ഇപ്പോഴത്തെ കാമറകള്‍ സ്ഥാപിച്ചത്. ഇവ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ കാമറകള്‍ നിലനിര്‍ത്തും ‘ഓപറേഷന്‍ ഇടിമിന്നല്‍’ നേരത്തേ പാലക്കാട് ജില്ലയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ്. ഇത് കോഴിക്കോടും വിജയകരമായി പോകുന്നുവെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചക്കിടെ 16 ബൈക്കുകള്‍ പിടിച്ചെടുത്തു. സ്കൂളില്‍ പോകാതെ നഗരങ്ങളില്‍ കറങ്ങിനടക്കുന്ന 20 വിദ്യാര്‍ഥികളെ പിടികൂടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ബസിനുള്ളില്‍ സ്ത്രീകളും വിദ്യാര്‍ഥിനികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഷാഡോ പൊലീസുണ്ടാകും. നഗരത്തിലൂടെ ബൈക്കില്‍ മൂന്നുപേരെവെച്ച് യാത്രചെയ്യുന്നവര്‍, അപരിചിതരുടെ ബൈക്കിനു ലിഫ്റ്റ് ചോദിക്കുന്ന വിദ്യാര്‍ഥികള്‍, തിയറ്ററുകളില്‍ ടിക്കറ്റിനു വരിനില്‍ക്കുന്ന വിദ്യാര്‍ഥികള്‍, സ്കൂള്‍ സമയത്ത് മാളുകളിലും ബീച്ചുകളിലും കറങ്ങിനടക്കുന്നവര്‍ തുടങ്ങിയവരെ കൈയോടെ പിടികൂടാന്‍ സജ്ജരാണ് പുതിയ ഷാഡോ പൊലീസ്. 13 വനിതാ പൊലീസുകാരടക്കം 19 പേരാണ് സംഘത്തിലുള്ളത്. മൂന്ന്പേരടങ്ങുന്ന ഓരോസംഘം സിറ്റി പൊലീസ് പരിധിയിലെ ആറ് സര്‍ക്കിളുകളിലാണ് നിരീക്ഷണം ശക്തിപ്പെടുത്തുന്നത്. രാവിലെ എട്ടിന്് ആരംഭിക്കുന്ന ജോലി വൈകീട്ട് ഏഴുവരെ തുടരും. സാമൂഹികവിരുദ്ധരില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുതിയ കുറ്റവാളികളെ തടയുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.