ശമ്പളവും ആനുകൂല്യവും കുറവ്: മെഡിക്കല്‍ കോളജ് എച്ച്.ഡി.എസ് നഴ്സുമാര്‍ സമരത്തിലേക്ക്

കോഴിക്കോട്: മതിയായ ശമ്പളവും ആനുകൂല്യവും നല്‍കുന്നില്ളെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡവലപ്മെന്‍റ് സൊസൈറ്റി (എച്ച്.ഡി.എസ്) നഴ്സുമാര്‍ സമരത്തിനൊരുങ്ങുന്നു. പി.എസ്.സി വഴി നിയമനം നടത്തിയ സാധാരണ നഴ്സുമാരുടെ അതേ ജോലിഭാരം തന്നെയാണ് എച്ച്.ഡി.എസ് നഴ്സുമാര്‍ക്കുമുള്ളത്. എന്നാല്‍, കരാറടിസ്ഥാനത്തില്‍ നിയമനം നടത്തിയ ഇവര്‍ക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണ് ശമ്പളം. 450 രൂപയാണ് ദിവസവേതനം. മൂന്നുമാസത്തെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന ശുചീകരണത്തൊഴിലാളികള്‍ക്കുവരെ ദിവസവേതനം 600 രൂപയാണ്. ദിവസക്കൂലിക്ക് അടിസ്ഥാനശമ്പളം കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ വിവേചനം. ശമ്പളത്തിലെ കുറവിനു പുറമേ അവധിയുള്‍പ്പെടെ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൃത്യമായി ജോലി ചെയ്തിട്ടുപോലും മാസത്തില്‍ നാല് ഓഫ് ഒഴിച്ച് അവധിദിനങ്ങളോ പ്രസവാവധിയോ ലഭിക്കുന്നില്ല. മൂന്നുദിവസത്തെ രാത്രി ഡ്യൂട്ടിക്കുശേഷം സ്ഥിരം ജീവനക്കാര്‍ക്കു ലഭിക്കുന്ന ഓഫ്പോലും ലഭിക്കുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 200ലേറെ എച്ച്.ഡി.എസ് നഴ്സുമാര്‍ ജോലിചെയ്യുന്നുണ്ട്. കാത്ത്ലാബ്, ഡയാലിസിസ് വിഭാഗങ്ങളില്‍ പൂര്‍ണമായും എച്ച്.ഡി.എസ് നഴ്സുമാരാണ് ഡ്യൂട്ടിചെയ്യുന്നത്. 15 വര്‍ഷത്തോളമായി ഇവിടെ ജോലിചെയ്യുന്നവര്‍ക്കുപോലും തുടക്കത്തില്‍ കിട്ടിയിരുന്ന അതേ ശമ്പളംതന്നെയാണ് ലഭിക്കുന്നതെന്ന് നഴ്സുമാര്‍ പറഞ്ഞു. മുമ്പ് ഒരുവര്‍ഷം വരെയായിരുന്നു കരാര്‍ കാലാവധി. ഓരോ വര്‍ഷവും കരാര്‍ നീട്ടാറാണ് പതിവ്. എന്നാല്‍, മൂന്നുമാസം മുമ്പ് കരാര്‍ കാലാവധി ആറുമാസമാക്കി ചുരുക്കി. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്നുമാസമായാല്‍ കരാര്‍ റദ്ദാക്കുന്ന സാഹചര്യവുമുണ്ട്. എച്ച്.ഡി.എസ് നഴ്സുമാരുടെ പ്രശ്നങ്ങളുന്നയിച്ച് മാര്‍ച്ച് രണ്ടിന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ ശമ്പളവര്‍ധനയും ആനുകൂല്യങ്ങളും നല്‍കാമെന്ന് ധാരണയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടി വാക്കിലൊതുങ്ങുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് ജൂണ്‍ 27ന് 24 മണിക്കൂര്‍ സൂചനാപണിമുടക്കും 29 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്താന്‍ തീരുമാനിച്ചതെന്ന് സമരസമിതി അംഗങ്ങള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT