ഉള്ള്യേരി: അധ്യയനവര്‍ഷം ആരഭിച്ചതോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് ദുരിതയാത്ര. കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ ജില്ല ഭരണകൂടം പ്രത്യേകപദ്ധതി നടപ്പാക്കുന്ന അവസരത്തിലാണ് പെണ്‍കുട്ടികള്‍ക്ക് ഏറെ മോശമായ പെരുമാറ്റം ചില ബസ് ജീവനക്കാരില്‍നിന്നും ഏല്‍ക്കേണ്ടിവരുന്നതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളെ ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടിരുന്നു. കുട്ടികള്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഇതേ ബസിലെ കണ്ടക്ടര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് രണ്ടുദിവസം മുമ്പ് ബസില്‍വെച്ചു പരസ്യമായി കയര്‍ക്കുകയും ഇനി കയറിയാല്‍ ഇറക്കിവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ രക്ഷിതാവ് അത്തോളി പൊലീസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് പിറ്റേദിവസം ഇയാളെ ബസില്‍നിന്ന് ഇറക്കി പൊലീസ് താക്കീത് ചെയ്തിരുന്നു. വ്യാഴാഴ്ച രക്ഷിതാവിന്‍െറ സാന്നിധ്യത്തില്‍ ഇയാള്‍ മാപ്പുപറഞ്ഞതോടെയാണ് പ്രശ്നം ഒത്തുതീര്‍ന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ളെന്നും ജീവനക്കാരുടെ പരസ്യശകാരം സഹിച്ചു യാത്രചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചില കമ്പനി ബസുകളിലെ ജീവനക്കാരെക്കുറിച്ചു നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ഉന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ യാത്രക്കാരോട് എന്തുമാവാമെന്ന നിലപാടാണ് ചിലര്‍ക്ക്. പെരുമഴയത്തുപോലും ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ പുറത്തുനിര്‍ത്തുന്നത് ഉള്ള്യേരി ബസ്സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.