നാദാപുരത്ത് വ്യാപാര സ്ഥാപനം കത്തിനശിച്ചു; 60 ലക്ഷത്തിന്‍െറ നഷ്ടം

നാദാപുരം: നാദാപുരം ടൗണില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വ്യാപാര സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിലെ ബുഹാരി വെസല്‍സിലാണ് വന്‍ അഗ്നിബാധ. 60 ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങള്‍ കത്തിനശിച്ചു. ചേലക്കാടുനിന്നത്തെിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സാണ് നാട്ടുകാരുടെയും പൊലീസിന്‍െറയും സഹായത്തോടെ തീയണച്ചത്. തീ മറ്റു കടകളിലേക്ക് പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനോട് അടുത്താണ് കടയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പൊലീസ് സ്ഥലത്തത്തെി. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സ്കൂള്‍ സീസണായതിനാല്‍ കടയില്‍ ധാരാളം ബാഗുകളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഉണ്ടായിരുന്നു. ഇവ പൂര്‍ണമായും കത്തി നശിച്ചു. അലൂമിനിയം പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ആദ്യം തീപടര്‍ന്നത്. നവീകരിച്ചശേഷം ഒന്നരവര്‍ഷം മുമ്പാണ് വീണ്ടും തുറന്നത്. മുകള്‍നിലയില്‍ സഹകരണ ബാങ്കും ഇരുവശങ്ങളിലുമായി തുണിക്കടകളും ഇതേകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി മെയിന്‍ സ്വിച്ച് ഓഫാക്കിയാണോ കട പൂട്ടിയതെന്ന് വ്യക്തമല്ളെന്ന് കടയുടമ മലപ്പുറം കോട്ടക്കല്‍ മുഹമ്മദ് ഹാജി പറഞ്ഞു. മെയിന്‍ സ്വിച്ച് പുറത്താണുള്ളത്. തീപടര്‍ന്നത് ഉള്ളില്‍നിന്നാണ്. അഗ്നിബാധക്ക് പിന്നില്‍ ദുരൂഹതകളൊന്നുമില്ളെന്നാണ് പൊലീസ് പറയുന്നത്. ബസ്സ്റ്റാന്‍ഡിന് പിന്‍വശത്തെ ന്യൂ അല്‍ഷാന്‍ ടെക്സ്റ്റൈല്‍സ് കട രണ്ടുവര്‍ഷം മുമ്പ് സമാനരീതിയതില്‍ തീപിടിച്ച് നശിച്ചിരുന്നു. ഇതിനുപിന്നില്‍ അട്ടിമറിയാണെന്ന് പൊലീസ് വ്യക്തമാക്കുകയും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കേസിന് തുമ്പില്ലാതാവുകയായിരുന്നു. നാദാപുരം സി.ഐ കെ.എം. ഷാജി, എസ്.ഐ എം.ബി. രാജേഷ് എന്നിവര്‍ സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.