കക്കോടി: ആശങ്കയുടെ ചൂളംവിളിയുമായി വീണ്ടും അതിവേഗ റെയില്‍. അഞ്ചു വര്‍ഷക്കാലമായി പതിനായിരങ്ങളുടെ മനസ്സിനെ ഭീതിയിലാഴ്ത്തിയ അതിവേഗ റെയില്‍ പദ്ധതിക്ക് വീണ്ടും അണിയറനീക്കം നടക്കുന്നതാണ് ജനങ്ങളുടെ ഉറക്കംകെടുത്തുന്നത്. ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതിക്ക് പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെയാണ് അതിവേഗ റെയില്‍ കോര്‍പറേഷന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നത്. നിര്‍ദിഷ്ട ലൈനിലല്ലാതെ റെയില്‍വേയുടെ ഭൂമിയിലൂടെ മാത്രമേ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുകയുള്ളൂവെന്നായിരുന്നു എല്‍.ഡി.എഫിന്‍െറ പ്രകടനപത്രികയില്‍ പറഞ്ഞതും നേതൃത്വം സമരസമിതി നേതാക്കളെ അറിയിച്ചിരുന്നതും. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ പ്രചാരണങ്ങള്‍ പരന്നതോടെയാണ് ജനങ്ങള്‍ ആശങ്കയിലായത്. 1000 ഹെക്ടര്‍ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്ന് റെയില്‍ കോര്‍പറേഷന്‍ പറയുന്നുണ്ടെങ്കിലും അതിന്‍െറയൊക്കെ എത്രയോ ഇരട്ടി ഭൂമി വേണ്ടിവരുമെന്നാണ് സമരസമിതി സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. നീലകണ്ഠന്‍ പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനും കേരളത്തിന്‍െറ ജൈവിക പാരിസ്ഥിതിക ഘടനയെ തകര്‍ക്കുന്നതിനും പദ്ധതി കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 1.18 ലക്ഷം കോടി രൂപ വേണ്ടിവരുമെന്ന് 2010ല്‍ പറഞ്ഞ പദ്ധതിക്ക് 65,000 കോടി രൂപ മതിയെന്ന് ഇപ്പോള്‍ പറയുന്നത് തട്ടിപ്പാണ്. എങ്ങനെയെങ്കിലും പദ്ധതി നടപ്പാക്കിക്കിട്ടുന്നതിനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ഈ പദ്ധതിമൂലം നിലവിലെ സംസ്ഥാനത്തിന്‍െറ പൊതുകടം വര്‍ധിപ്പിച്ച് കേരളത്തെ തീരാ കടക്കെണിയിലേക്ക് വീഴ്ത്തുമെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ ജനകീയസമരം നടന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. മേത്തോട്ടുതാഴം, തൊണ്ടയാട്, വേങ്ങേരി, കക്കോടി, ചേളന്നൂര്‍, അത്തോളി, കീഴരിയൂര്‍, ഒഞ്ചിയം ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ സമരരംഗത്തത്തെിയത്. പദ്ധതിക്കെതിരെ സമരം ചെയ്തവര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ കഴിയുന്നവര്‍ പറയുന്നു. പല ജില്ലകളിലും സരമത്തിന് നേതൃത്വം കൊടുക്കുന്നതും സി.പി.എമ്മിന്‍െറ ജില്ല-പ്രാദേശിക നേതാക്കളാണ്. പദ്ധതിക്കുള്ള നീക്കം അവസാനിപ്പിക്കുന്നതിന് ഉടന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുമെന്നും സി.പി.എമ്മിന്‍െറ പ്രാദേശിക നേതൃത്വങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.