വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയാല്‍ ബസ് പെര്‍മിറ്റ് റദ്ദാക്കും

കോഴിക്കോട്: അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ ജില്ലാഭരണകൂടം. വിദ്യാര്‍ഥികളുടെ മാന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്തണമെന്ന് ബസ് ഉടമകളോടും ജീവനക്കാരോടും ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് നിര്‍ദേശിച്ചു. മാന്യമായ യാത്ര കുട്ടികളുടെ അവകാശമാണ്. ബസില്‍ കയറാന്‍ വരുന്ന വിദ്യാര്‍ഥികളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ മോശം പെരുമാറ്റ രീതികളെപ്പറ്റി ധാരാളം പരാതികള്‍ ലഭിക്കാറുണ്ട്. ഇവ തെളിയിക്കപ്പെട്ടാല്‍ ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കാന്‍വരെ മടിക്കില്ളെന്നും കലക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് മാന്യമായ യാത്ര ഉറപ്പുവരുത്തല്‍ മുതിര്‍ന്നവരുടെ കൂടി ഉത്തരവാദിത്തമാണ്. ഏതെങ്കിലും ബസില്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് കണ്ടാല്‍ ജില്ലാ ഭരണകൂടത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തണം. ഇത്തരം രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുത്ത് ജില്ലാ ഭരണകൂടത്തിന്‍െറ ഫേസ്ബുക് അക്കൗണ്ടിലേക്ക് അയച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും കുട്ടികള്‍ക്ക് മാന്യമായി യാത്രചെയ്യാനവസരം ഒരുക്കാനുമായി വിഭാവനംചെയ്ത സവാരിഗിരി പദ്ധതി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരശേഖരണം പൂര്‍ത്തിയാവാത്തതാണ് പദ്ധതിക്ക് തടസ്സം. വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് അനുവദിക്കാന്‍ ലഭ്യമാക്കേണ്ട വിവരങ്ങള്‍ ചില സ്കൂളുകള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സ്കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങി എല്ലാവരുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT