മാവൂരില്‍ മാരക കളനാശിനി പ്രയോഗത്തിനെതിരെ നടപടി

മാവൂര്‍: വയലുകളിലും കൃഷിസ്ഥലങ്ങളിലും മാരകവും നിരോധിച്ചതുമായ കളനാശിനി പ്രയോഗിക്കുന്നതിനെതിരെ നടപടി. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് പ്രയോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ചെറൂപ്പയില്‍ കുറ്റിക്കടവ് വയലിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കളനാശിനി വ്യാപകമായി തളിച്ചത്. നാട്ടുകാര്‍ പരാതിപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്ച പൊലീസും ശനിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തത്തെിയത്. കുറഞ്ഞ ചെലവില്‍ വളരെ പെട്ടെന്ന് കള നശിക്കുമെന്ന് പ്രചരിപ്പിച്ചാണ് ഇത് തളിക്കുന്നത്. കരാറെടുത്ത് ചെയ്യാന്‍ ഇതിന് ആളുകളുണ്ട്. എന്നാല്‍, ഇത് തളിച്ചതിനെ തുടര്‍ന്ന് മത്സ്യങ്ങളും ചെറുജീവികളും ചത്തൊടുങ്ങി. ചത്ത മത്സ്യങ്ങളെ ഭക്ഷിക്കുന്ന ദേശാടനക്കിളികളടക്കം ചത്തൊടുങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാവൂരിലെ മറ്റ് വയലുകളിലും ഇവ വ്യാപകമായി തളിക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കകം കള നശിക്കുന്ന റൗണ്ടപ്പ് ഇനത്തിലുള്ള മരുന്നാണ് പലരും ഉപയോഗിക്കുന്നത്. തളിക്കുന്നവര്‍ക്കും കൃഷിഭൂമിയില്‍ ജോലി ചെയ്യുന്നവര്‍ക്കും മാരകരോഗങ്ങള്‍ പിടിപെടാനും ഇടയാക്കുന്ന കളനാശിനിക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഉണ്ണികൃഷ്ന്‍, ജെ.എച്ച്.ഐമാരായ എം. രഞ്ജിത്, പി.വി. സുരേഷ് കുമാര്‍ എന്നിവരാണ് കുറ്റിക്കടവിലെ വയലിലത്തെി പരിശോധന നടത്തിയത്. കളനാശിനി പ്രയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.