മുഖംമൂടി സംഘത്തിന്‍െറ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തെ നടുക്കിയ കവര്‍ച്ചക്ക് തുമ്പായി. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെയും മകനെയും ആക്രമിച്ച് പണംതട്ടിയ മുഖംമൂടിസംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. ഈമാസം 11ന് ചേവായൂരിലെ കെ.കെ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഉടമ വെള്ളിപറമ്പ് സ്വദേശി ഷൗക്കത്തലിയെയും മകന്‍ റോഷനെയും കുത്തിപ്പരിക്കേല്‍പിച്ച് പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച കേസിലാണ് രണ്ടുപേര്‍ പിടിയിലായത്. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയില്‍ ചാത്തോറത്ത് വീട്ടില്‍ പ്രബീഷ് (27), പെരിങ്ങൊളത്തിനടുത്ത് കുരിക്കത്തൂര്‍ സ്വദേശി കരിമ്പനത്തൊടിയില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് പിടികൂടിയത്. സംഭവദിവസം രാത്രി 11.30ഓടെ അരലക്ഷം രൂപയടങ്ങിയ ബാഗുമായി വീട്ടിലേക്ക് പോകുംവഴിയായിരുന്നു മൂന്നംഗ സംഘത്തിന്‍െറ ആക്രമണം. മൂന്നാമത്തെയാള്‍ ബൈക്കുമായി തൊട്ടടുത്ത് മാറിനില്‍ക്കുന്നതിനിടെ മറ്റു രണ്ടുപേര്‍ കാറിലേക്ക് കയറുന്ന പിതാവിനെയും മകനെയും കുത്തിപ്പരിക്കേല്‍പിച്ച് പണമടങ്ങിയ ബാഗുമായി രക്ഷപ്പെടുകയായിരുന്നു. ഷൗക്കത്തിന്‍െറ കൈക്കും മകന്‍െറ വയറിനും കുത്തേറ്റിരുന്നു. ഇതിലൊരാളുടെ മുഖംമൂടി മാറിയതിനാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ വഴിത്തിരിവായി. പണമടങ്ങിയ ബാഗുമായി മൂന്നുപേരുംകൂടി ബൈക്കില്‍ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കുവേണ്ടി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് രണ്ടു പേര്‍ പിടിയിലായത്. തൊടുപുഴ സ്വദേശിയായ മുഖ്യപ്രതിയെ കണ്ടത്തൊനായില്ല. പിടിയിലായ മയക്കുമരുന്നിനടിമയായ പ്രബീഷിനെതിരെ ടൗണ്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണക്കേസുണ്ട്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണ് രഞ്ജിത്ത്. കേസിന്‍െറ സൂത്രധാരനായ മൂന്നാമത്തെയാളുടെ സ്വദേശമുള്‍പ്പെടെ വ്യക്തമായ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. നോര്‍ത് അസി. കമീഷണര്‍ കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, എസ്.ഐ ഹബീബുല്ല, ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍, നോര്‍ത് ക്രൈം സ്ക്വാഡിലെ സീനിയര്‍ സി.പി.ഒമാരായ വിഷ്ണുകുമാര്‍, മനോജ്, മുഹമ്മദ് ഷാഫി മുക്കം, സജി, സി.പി.ഒമാരായ സുജോഷ്, പ്രമോദ്, സുനില്‍കുമാര്‍, പി.ടി. അഖിലേഷ്, ടി.കെ. സുനില്‍കുമാര്‍, ആഷിക്, രജിത്ത് ചന്ദ്രന്‍, മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ സി.പി.ഒ ജെദീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.